കേരളം

പടിഞ്ഞാറു നിന്ന് കാര്‍മേഘക്കൂട്ടങ്ങള്‍ വന്‍തോതില്‍ ; കേരളത്തില്‍ മഴയുടെ 'ഭാവം' മാറുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കനത്ത മഴയെത്തുടര്‍ന്ന് കേരളം പ്രളയക്കെടുതി നേരിടുകയാണ്. വടക്കന്‍ കേരളത്തില്‍ മഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതയ്ക്കുകയാണ്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഏതാണ്ട് വെള്ളത്തിനടിയിലാണ്. ഈ പ്രദേശങ്ങളിലുള്ളവരെ രക്ഷാപ്രവര്‍ത്തകര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കുകയാണ്.

ഇതിനിടെ കേരളത്തില്‍ മഴയുടെ രൂപവും ഭാവവും മാറുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മഴമേഘങ്ങളുടെ ഘടന തന്നെ മാറിയ നിലയാണ്. ന്യൂനമര്‍ദത്തിന്റെ ശക്തിയില്‍ പടിഞ്ഞാറുനിന്ന് കേരളത്തിലേക്ക് വന്‍തോതിലുള്ള കാര്‍മേഘ കൂട്ടങ്ങള്‍ എത്തുന്നു. ഇന്നു രാത്രി മുഴുവന്‍ പെയ്യാനുള്ള മേഘങ്ങള്‍ ഇതിനകം രൂപംകൊണ്ടതായും കാലാവസ്ഥ ഗവേഷകര്‍ നിരീക്ഷിക്കുന്നു. 

വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ തോരാമഴയാണ് വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്യുന്നത്. വയനാട്ടില്‍ മാനന്തവാടി മേഖലയിലാണു ശക്തി കൂടുതല്‍. മറ്റിടങ്ങളില്‍ ശക്തികുറഞ്ഞെങ്കിലും പെയ്തു തോര്‍ന്നിട്ടില്ല. സാധാരണയില്‍ കവിഞ്ഞ വലുപ്പത്തില്‍ നിരനിരയായാണ് ഈ ദിവസങ്ങളില്‍  കാര്‍മേഘങ്ങള്‍ സഞ്ചരിക്കുന്നത്. ഇവയ്ക്കിടയിലെ വിടവ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വെയില്‍ തെളിയാമെങ്കിലും പിന്നാലെ കനത്ത മഴയുണ്ടാകാമെന്നു കൊച്ചി റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ എം ജി മനോജ് അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.

സാധാരണ ന്യൂമര്‍ദത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന വലിയ കാര്‍മേഘപടലം ഇത്തവണ കുറവാണ്. മേഘവിസ്‌ഫോടനത്തിന്റെ സാധ്യതയും പരിശോധിക്കണമെന്നാണ് നിര്‍ദേശം. കാലാവസ്ഥ വ്യതിയാനം ആഗോള പ്രതിഭാസമാണെങ്കിലും ഭൂപ്രകൃതിയനുസരിച്ചു മഴയുടെ രൂപവും ഭാവവും മാറുന്നതു ഗവേഷകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. മണിക്കൂറില്‍ 10 മില്ലീമീറ്റര്‍ വരെ മഴയാണു കഴിഞ്ഞ ദിവസം മലയോര ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്. 

പശ്ചിമഘട്ടത്തിലെ നീലഗിരി ജൈവമേഖല കേന്ദ്രീകരിച്ച് അസാധാരണ സ്ഥിതിയുള്ളതായും വിലയിരുത്തുന്നു. ഊട്ടി, കൂനൂര്‍, ഗൂഡല്ലൂര്‍, അട്ടപ്പാടി, നിലമ്പൂര്‍, വയനാട്, മേപ്പാടി പ്രദേശങ്ങളിലെ മഴയ്ക്കു കനം കൂടുതലാണ്. സമതലത്തില്‍ പെയ്ത വെള്ളമാണ് ഇതുവരെ പ്രളയം ഉണ്ടാക്കിയത്. ഡാമുകള്‍ക്കു മുകളില്‍ പെയ്യുന്ന മഴയുടെ വെള്ളം മുഴുവന്‍ ഡാമുകളിലെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍തന്നെ 15,16 തീയതികളില്‍ പുതിയ ന്യുനമര്‍ദം ഉണ്ടാകാനുള്ള സൂചനകള്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ ചലനങ്ങള്‍ വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്