കേരളം

വെളളത്തില്‍ മുങ്ങിയോ?; വാഹനത്തിന് ഇന്‍ഷുറന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സമകാലിക മലയാളം ഡെസ്ക്

കേരളം പ്രളയസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഇത്തവണ വടക്കന്‍ കേരളമാണ് മഴക്കെടുതി ഏറ്റവുമധികം നേരിടുന്നത്. ജീവന്‍ രക്ഷിക്കാന്‍ പ്രഥമ പരിഗണന നല്‍കുമ്പോള്‍ പലപ്പോഴും സ്വന്തം വാഹനം അടക്കം വിലപിടിപ്പുളള പല വസ്തുക്കളും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാന്‍ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷം തിരിച്ചെത്തുമ്പോള്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രകൃതി ദുരന്തങ്ങളില്‍ വാഹനത്തിനുണ്ടാകുന്ന കേടുപാടുകളും നിങ്ങളെടുത്ത ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ വരും. എന്നാല്‍ വെള്ളപ്പൊക്കത്തിലുണ്ടാകുന്ന കേടുപാടുകള്‍ക്ക് കര്‍ശനമായ ചില വ്യവസ്ഥകളും കമ്പനികള്‍ക്കുണ്ട്. ഇത് പാലിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞതവണ നിരവധിപ്പേര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

നിങ്ങളുടെ വീട്ടിലോ ഫ്‌ളാറ്റിലോ നിര്‍ത്തിയിട്ട അവസ്ഥയില്‍ വാഹനത്തില്‍ വെള്ളം കയറുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വെള്ളത്തിലുള്ള വണ്ടിയുടെ ഒരു ഫോട്ടോ എടുത്തു സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് കാണുന്ന വിധത്തിലുള്ള ഫോട്ടോയാണെങ്കില്‍ വളരെ നല്ലത്. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ സുഗമമാക്കാന്‍ ഈ ഫോട്ടോ സഹായിക്കും. 

വെള്ളം കയറിയെന്ന് ഉറപ്പായാല്‍ ഒരു കാരണവശാലും വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്. സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ എക്‌സ്‌ഹോസ്റ്റ് വഴി വെള്ളം എന്‍ജിനുള്ളിലെത്തും. അങ്ങനെ സംഭവിച്ചാല്‍ ഒരു കാരണവശാലും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ പറ്റില്ല. വീട്ടിലോ ഫ്‌ളാറ്റിലോ നിര്‍ത്തിയിട്ട വണ്ടി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സര്‍വ്വീസ് സെന്ററിലേക്ക് എത്തിക്കണം. വലിച്ചുകെട്ടി മാത്രമേ വണ്ടി കൊണ്ടുപോകാവു എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

വെള്ളം കയറിയ വിവരം നേരത്തെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അറിയിക്കുകയും വേണം. സര്‍വ്വീസ് സെന്ററിലെത്തി അവര്‍ വണ്ടി പരിശോധിക്കും. നേരത്തെ എടുത്തു സൂക്ഷിച്ച ഫോട്ടോ അവര്‍ക്ക് കൈമാറുകയും വേണം. വെള്ളപ്പൊക്കത്തില്‍ ഇന്‍ഷുറന്‍സ് രേഖകള്‍ നഷ്ടപ്പെട്ടാലും ഇന്‍ഷുറന്‍സ് ഓഫീസിലെത്തി നിങ്ങളുടെ വാഹന നമ്പറും മറ്റും നല്‍കി വിവരങ്ങള്‍ വീണ്ടെടുത്ത് ക്ലെയിം ചെയ്യാവുന്നതാണ്. 

നിലവിലുള്ള പല ഇന്‍ഷുറന്‍സും എന്‍ജിന്‍ പ്രൊട്ടക്റ്റ് ഇല്ലാത്ത ഫുള്‍ കവര്‍ പോളിസിയാണ്. എങ്കിലും പ്രകൃതി ദുരന്തങ്ങളില്‍ വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്ക് ഇതില്‍ കവറേജ് ലഭിക്കും.. എന്നാല്‍ പ്രീമിയം അല്‍പം കൂടുതലടച്ച് എന്‍ജിന്‍ കവര്‍ ചെയ്യുന്ന പോളിസിയും കമ്പനികള്‍ നല്‍കുന്നുണ്ട്.അതേസമയം വലിയ വെള്ളക്കെട്ടിലൂടെ അറിഞ്ഞുകൊണ്ട് വണ്ടി ഓടിച്ച് എന്‍ജിനില്‍ വെള്ളം കയറുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇന്‍ഷുറന്‍സ് നിയമം. അങ്ങനെ വന്നാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ പറ്റില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ