കേരളം

സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയെന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനു ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.  ജാമ്യം അനുവദിച്ച തിരുവനന്തപുരം സിജെഎം കോടതി ഉത്തരവു റദ്ദാക്കാന്‍ കാരണമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നു എന്നതിനു സാക്ഷിമൊഴികളേ ഉള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനു രേഖകളുടെ പിന്‍ബലമില്ല. അതുകൊണ്ടുതന്നെ ശ്രീറാമിനെതിരെ ചുമത്തിയ 304ാം വകുപ്പു നിലനില്‍ക്കുമോയെന്നു സംശയമുണ്ട്. ശ്രീറാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നു കോടതി വിലയിരുത്തി.

കേസിന്റെ അന്വേഷണത്തില്‍ പൊലീസ് പ്രൊഫഷനലിസം കാണിച്ചില്ലെന്ന്, ജാമ്യം ശരിവച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി വിമര്‍ശിച്ചു. മദ്യപിച്ചിരുന്നോയെന്ന പരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണ്. അപകടം കൈകാര്യം ചെയ്യുന്നതിന് പൊലീസിനു വ്യക്തമായ പദ്ധതിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.

കേസിന്റെ തെളിവുശേഖരണത്തിലടക്കം സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ചതാണ് ഫലം എതിരാകാന്‍ കാരണമായതെന്നാണ് പ്രധാന ആക്ഷേപം. പത്തുമണിക്കൂറിന് ശേഷമാണ് പൊലീസ് രക്തപരിശോധന നടത്തിയത്. ശീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല. ഇതും കേസ് ഡയറിയും പരിശോധിച്ച ശേഷമാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.

ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി പ്രതി തന്ന തെളിവു കൊണ്ടുവരും എന്നാണോ പൊലീസ് കരുതുന്നതെന്ന് വാദത്തിനിടെ ചോദിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സിയാലായിരുന്ന ശ്രീറാം ഇന്നലെ ആശുപത്രി വിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍