കേരളം

തുഷാറിന്റെ മോചനത്തിനായി യുസഫലിയുടെ ഇടപെടല്‍; ജാമ്യത്തുക കെട്ടിവയ്ക്കും

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ചെക്കുകേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഇടപെടുന്നു. ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ പുറത്തിറക്കാനാണ് ശ്രമം. 

വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന പ്രകാരമാണ് എംഎ യൂസഫലി തുഷാറിന്റെ കേസില്‍ ഇടപെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ജാമ്യം ലഭിക്കാത്ത പക്ഷം ഞായറാഴ്ച വരെ ജയിലില്‍ കഴിയേണ്ട സാഹചര്യം വരുമെന്നതിനാലാണ് അടിയന്തര ഇടപെടല്‍ നടത്തുന്നത്.  

വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇത്. കേസ് നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.തുഷാറിന് ഇന്നു തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. 

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെയാണ് യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്.അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് കഴിഞ്ഞരാത്രി തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്.

തുഷാറിന്റെ മോചനത്തിനായി ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചു കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമപരമായ എല്ലാ സഹായവും ലഭ്യമാക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ക്ക് അയച്ച കത്തില്‍ പിണറായി അഭ്യര്‍ഥിച്ചു. തുഷാറിന്റെ അറസ്റ്റില്‍ ആശങ്ക അറിയിച്ച മുഖ്യമന്ത്രി വ്യക്തിപരമായ നിലയിലും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് വിദേശകാര്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു