കേരളം

ആല്‍ക്കഹോള്‍ അടങ്ങിയ 1200 കുപ്പി വൈന്‍; തിരുവനന്തപുരത്ത് അന്‍പതുകാരി അറസ്റ്റില്‍; പരിശോധന ശക്തമാക്കി എക്‌സൈസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിലെ വീട്ടില്‍നിന്ന് 1200 കുപ്പി വൈന്‍ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് അന്‍പത് വയസ്സുകാരിയെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുമ്പ ഗ്രൗണ്ടിനടുത്തുള്ള വീട്ടില്‍നിന്ന് ആല്‍ക്കഹോള്‍ അടങ്ങിയ വൈന്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.

കല്യാണത്തിനും ആഘോഷങ്ങള്‍ക്കും ഇവര്‍ വൈന്‍ ഉണ്ടാക്കി വില്‍പന നടത്താറുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വേളിയില്‍ ഒരു വീട്ടില്‍നിന്ന് വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും ഉള്‍പ്പെടെ 40 ലീറ്റര്‍ സാധനങ്ങള്‍ പിടികൂടിയിരുന്നു. വീട്ടിലെ താമസക്കാരനായ യുവാവിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു.

ലഹരിയുള്ള വൈന്‍ വ്യാജമായി ഉല്‍പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എക്‌സൈസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യമായി, വീട്ടിലെ ആഘോഷത്തിന് ആല്‍ക്കഹോള്‍ സാന്നിധ്യം ഇല്ലാതെ വൈന്‍ ഉണ്ടാക്കുന്നതിന് നിരോധനമില്ല.
വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണെന്ന് എക്‌സൈസ് ഓര്‍മിപ്പിക്കുന്നു. ഹോം മെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മുന്നറിയിപ്പ്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യ നിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനൊപ്പം കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. കൂടാതെ അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്.

ഇവയിലെല്ലാം ഫലപ്രദമായ നടപടിക്ക് ജില്ലാ തലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്‌െ്രെടക്കിങ് ഫോഴ്‌സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. കൂടുതല്‍ ഫലപ്രദമായ വിവര ശേഖരണത്തിനായി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവുമായി സമ്പര്‍ക്കത്തില്‍ തുടരാനും നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്