കേരളം

'അമേഠിയിലെപ്പോലെയല്ല കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ എന്ന് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും' 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അമേഠിയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികളെ പോലെയല്ല കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ എന്നത് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകുമെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് ശ്രദ്ധേ നേടിയ പ്ലസ്ടു വിദ്യാര്‍ത്ഥി സഫ ഫെബിനെ അഭിനന്ദിച്ചു കൊണ്ട് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് എംഎല്‍എ ഇതു പറഞ്ഞത്. 

'മലയാളത്തിളക്കവും' 'ഹലോ ഇംഗ്ലീഷ്', 'ഉല്ലാസ ഗണിതം' തുടങ്ങി നിരവധിയായ പദ്ധതികളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ജൈവവൈവിധ്യ പാര്‍ക്കുകളും 'പാഠം ഒന്ന് പാടത്തേക്ക്', തുടങ്ങിയ പരിപാടികളും സയന്‍സ് ലാബുകളും വന്‍തോതിലുള്ള പശ്ചാത്തല സൗകര്യത്തിന് കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കുകയും ചെയ്തു, കേരളത്തിലെ 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' വ്യത്യസ്തവും ശ്രദ്ധേയവുമാണ്. (പൊതു വിദ്യാഭ്യാസ കാര്യത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെ ഒന്ന് കടന്നു പോയാല്‍ കാര്യം വ്യക്തമാകും)- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മലപ്പുറം കരുവാരക്കുണ്ട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ലാബ് ഉദ്ഘാടനത്തിനെത്തിയ രാഹുലിന്റെ പ്രസംഗം തര്‍ജമ ചെയ്താണ് സഫ താരമായത്. പ്രസംഗം തര്‍ജമ ചെയ്യാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആരെങ്കിലും വരണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. സ്‌റ്റേജിലെത്തിയ സഫ, രാഹുലിനെ ഞെട്ടിച്ചാണ് പരിഭാഷ നടത്തിയത്. സ്‌റ്റേജിലേക്ക് കയറിവന്ന സഫയെ ഹസ്തദാനം നല്‍കിയാണ് രാഹുല്‍ സ്വീകരിച്ചത്. സഫയുടെ പരിഭാഷ നിറകയ്യടിയോടെയാണ് സദസ്സ് വരവേറ്റത്.

സഫയ്ക്ക് പരിഭാഷപ്പെടുത്താന്‍ തക്കതിന് നിര്‍ത്തി നിര്‍ത്തിയാണ് രാഹുല്‍ സംസാരിച്ചത്. സ്വതസിദ്ധമായ മലപ്പുറം ഭാഷയിലായിരുന്നു സഫയുടെ തര്‍ജമ എന്നത് കൂടുതല്‍ ശ്രദ്ധേയമായി. ആദ്യമായിട്ടാണ് പ്രസംഗം പരിഭാഷപ്പെടുത്തുന്നതെന്നും സുഹൃത്തുക്കളുടെ പിന്തുണ കിട്ടിയപ്പോഴാണ് സ്‌റ്റേജില്‍ കയറിയതെന്നും സഫ പിന്നീട് പറഞ്ഞു.

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ട് എന്നുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം പരിഭാഷപ്പെടുത്തിയത് സര്‍ക്കാര്‍ സ്‌കൂളിലെ പന്ത്രണ്ടാംക്ലാസുകാരിയാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

'ഡോക്ടര്‍ മാപ്പുപറഞ്ഞു; ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്; നിയമനടപടിയുമായി മുന്നോട്ടുപോകും'

സുനില്‍ ഛേത്രി; ഫുട്‌ബോളിലെ 'ഇന്ത്യന്‍ ഹൃദയ താളം'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം