കേരളം

നിലപാട് മാറ്റിയാല്‍ പദവിയില്‍ തുടരില്ല; അലിഗഡില്‍ പഠിക്കുന്ന കാലം മുതല്‍ ഇര്‍ഫാന്‍ ഹബീബിന്റെ സ്വഭാവം ഇതാണ്: ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട തന്റെ മുന്‍ നിലപാട് മാറ്റിയാല്‍ പദവിയില്‍ തുടരില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. കേരള നിയമസഭ പാസാക്കുന്ന നിയമങ്ങളെയും പ്രതിരോധിക്കും.നിയമത്തോട് യോജിപ്പില്ലെങ്കില്‍ പദവിയില്‍ നിന്ന് രാജി വയ്ക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വഹിക്കുന്ന പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവുകയാണ് വേണ്ടത് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ക്കുളള മറുപടിയായാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. നിരുത്തരവാദപരമായ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആരുമായി പരസ്യസംവാദത്തിന് തയ്യാറാണ്. തുടര്‍ച്ചയായി പ്രതിഷേധം പ്രകടിപ്പിച്ചതല്ലാതെ ഇതുവരെ ആരും ചര്‍ച്ചയ്ക്ക് വന്നില്ല.വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നിന്ന് എല്ലാവരും പിന്‍വാങ്ങണം. പ്രതിഷേധക്കാര്‍ വ്യവസ്ഥിതിയിലും ഭരണഘടനയിലും വിശ്വസിക്കണമെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

നിയമത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. അത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. പാര്‍ട്ടികളുടെ രാഷ്ട്രീയ അജന്‍ഡയുമായി ഇതിന് ബന്ധമില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇതിലും മോശം പെരുമാറ്റം ഇതിന് മുമ്പ് നേരിട്ടിട്ടുണ്ടെന്നും കണ്ണൂരിലെ പ്രതിഷേധത്തെ സൂചിപ്പിച്ച് ഗവര്‍ണര്‍ പറഞ്ഞു.

തനിക്ക് ഒപ്പമുളളവരെ കയ്യേറ്റം ചെയ്ത് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് സംഘര്‍ഷമുണ്ടാക്കി. ഗവര്‍ണറുടെ എഡിസിയുടെ ബാഡ്ജ് വലിച്ചുതാഴെയിട്ടു.അലിഗഡില്‍ പഠിക്കുന്ന കാലം മുതല്‍ ഇര്‍ഫാന്‍ ഹബീബിന്റെ സ്വഭാവം ഇതാണ്. കണ്ണൂരില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം വൈസ് ചാന്‍സലര്‍ക്കാണ്. ഇതിന് മുമ്പും മൂന്നു തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ ബാധിക്കാറില്ല. അഭിപ്രായ വ്യത്യാസം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം