കേരളം

കേന്ദ്രം പ്രഖ്യാപിച്ച പലതും കേരളം നേരത്തെ നല്ല നിലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍; പ്രളയ പാക്കേജില്ല, സംസ്ഥാനത്തെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവച്ചുള്ള ഇടക്കാല ബജറ്റായിട്ടുപോലും കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന വിഹിതം പോലും വെട്ടിക്കുറക്കുന്നതാണ് ബജറ്റ്. സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നികുതി ഓഹരി പോലും ലഭിക്കാത്ത നിലയാണ് ഉണ്ടാകാന്‍ പോകുന്നത്. കേന്ദ്ര വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുകയില്‍ 26,639 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

എന്നാല്‍, മറ്റു ചില സംസ്ഥാനങ്ങളില്‍ പുതുതായി പ്രഖ്യാപിക്കുകയും ചെയ്തു. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയെക്കുറിച്ചാവട്ടെ മിണ്ടാട്ടമില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബജറ്റില്‍ നിര്‍ദേശമില്ല. റബര്‍ വിലസ്ഥിരതാ ഫണ്ടിനെക്കുറിച്ചും മൗനമാണ്. ഇറക്കുമതി ചുങ്കങ്ങള്‍ക്ക് ഇനിയും ഇളവ് നല്‍കും എന്ന പ്രഖ്യാപനം കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കും. 

40 വര്‍ഷത്തെ എറ്റവും വഷളായ തൊഴില്‍ നിലയാണ് ഇപ്പോള്‍ ഇന്ത്യയിലെന്ന് എന്‍എസ്എസ്ഒ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് പുറത്തുവിടാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ നിന്ന് അവശേഷിക്കുന്ന രണ്ടുപേരും രാജിവച്ചത്. ആ ഘട്ടത്തിലാണ് ഇന്ത്യയിലെ യുവാക്കള്‍ തൊഴിലന്വേഷകരല്ല, തൊഴില്‍ ദായകരാണ് എന്ന ബജറ്റ് പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനായി രൂപീകരിക്കപ്പെട്ടിട്ടുള്ള തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി ചലിപ്പിക്കാനോ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുന്നതിനോ ഉള്ള വിഹിതം ബജറ്റിലില്ല.

65 കോടി ആളുകള്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്ന രാജ്യത്ത് 75,000 കോടി മാത്രം നീക്കിവച്ചുകൊണ്ട് കര്‍ഷകര്‍ക്കായി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു എന്നത് ആ മേഖലയിലെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ല എന്നതിന് ഉദാഹരണമാണ്. കള്ളപ്പണം ഇല്ലാതാക്കി ഒരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നല്‍കുമെന്നു തെരഞ്ഞെടുപ്പിന് മുന്‍പു വാഗ്ദാനം നല്‍കിയവരാണ് അതൊന്നും നിറവേറ്റാതെ കള്ളപ്പണമില്ലാതാക്കി എന്ന പ്രസ്താവന ഇറക്കിയിരിക്കുന്നത്. റദ്ദാക്കിയ നോട്ടുകളുടെ 99.3 ശതമാനവും തിരികെ എത്തിയിട്ടും അതിലൂടെ കള്ളപ്പണം ഇല്ലാതാക്കി എന്ന് പറയുന്നത് അസംബന്ധമാണ്. 

വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടിയും ബജറ്റിലില്ല. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതത്തിന്റെയും കുതിച്ചുയരുന്ന വിലയെ നിയന്ത്രിക്കുന്നതിനുള്ള ഇടപെടലും കാണാനില്ല. സാമൂഹ്യക്ഷേമരംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പലതും സംസ്ഥാനത്ത് നേരത്തേ തന്നെ കൂടുതല്‍ നല്ല നിലയില്‍ നടപ്പിലാക്കിയിട്ടുള്ളതാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രബജറ്റ് നിരാശാജനകമാണ്- പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി