കേരളം

''ആടിനെ പട്ടിയാക്കുന്ന പ്രചാരണത്തിന്റെ ബലിയാടാണ് ഞാന്‍'' ; സൗമ്യമുഖമല്ല, ഹിംസ്രജന്തുവെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമെന്ന് ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശ്രീധരന്‍ പിള്ളയ്ക്ക് ഇപ്പോള്‍ സൗമ്യ മുഖമല്ല ഉള്ളത്, ഒരു ഹിംസ്രജന്തുവാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള സി.പി.എമ്മിന്റെ ശ്രമത്തിന്റെ ഭാഗമായാണ് യുവമോര്‍ച്ച വേദിയിലെ പ്രസംഗം വിവാദമാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. രാഷ്ട്രീയത്തിലെ പ്രാഥമിക മാന്യതകള്‍ ഇല്ലാതാകുകയും മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുകയാണെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ആടിനെ പട്ടിയാക്കുന്ന പ്രചാരണത്തിന്റെ ബലിയാടാണ് താന്‍ എന്ന് സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

ഞങ്ങളുടെ ഒരു ഇന്റേണല്‍ മീറ്റിംഗില്‍ പറഞ്ഞ കാര്യത്തെ അങ്ങനെ കാണാനുള്ള മാന്യത മാധ്യമങ്ങള്‍ കാണിച്ചില്ല. ഇന്റേണല്‍ മീറ്റിംഗില്‍ പറയുന്നതും പൊതുവേദിയില്‍ പറയുന്നതും വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതുമൊക്കെ പരസ്പരവിരുദ്ധമാകരുതെങ്കിലും ഓരോന്നിനും അതിന്റേതായ ശൈലിയുണ്ട്. ഇതൊരു യുദ്ധമല്ലെന്നും ഗാന്ധിയന്‍ മാതൃകയിലുള്ള സമരമാകണമെന്നും മറ്റും യുവമോര്‍ച്ചയുടെ ആ സംസ്ഥാനസമിതി യോഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. അതു മാറ്റിവച്ചിട്ട് എന്തോ ഒന്നു കണ്ടുപിടിച്ചതുപോലെ വാര്‍ത്ത കൊടുത്തു. ഞങ്ങള്‍ക്ക് ഇതൊരു അസുലഭ സന്ദര്‍ഭമാണ് എന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് പറയുന്നത് തെറ്റാണോ?-  ശ്രീധരന്‍ പിള്ള ചോദിക്കുന്നു. 

ശ്രീധരന്‍ പിള്ളയ്ക്ക് ഇപ്പോള്‍ സൗമ്യ മുഖമല്ല ഉള്ളത്, ഒര ഹിംസ്രജന്തുവാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള സി.പി.എമ്മിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പ്രസംഗം വിവാദമാക്കിയത്. രാഷ്ട്രീയത്തിലെ പ്രാഥമിക മാന്യതകള്‍ ഇല്ലാതാകുന്നു, മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്നു. അക്കാര്യത്തില്‍ വേദനിക്കുന്ന ആളാണ് ഞാന്‍. കാരണം, കേരളത്തിലെ മാധ്യമങ്ങള്‍ക്കുവേണ്ടി എന്റെയത്രയും കേസ് നടത്തിയിട്ടുള്ള ഒരു വക്കീല്‍ വേറെയില്ല. നിഷ്പക്ഷരായ നിരവധിയാളുകളുണ്ട്. അവരെല്ലാം നിശ്ശബ്ദരാണ്. ആ മൗനം കുറ്റകരമാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കളെ ഒരു ദിവസത്തേക്കായാലും ബഹിഷ്‌കരിക്കാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചതിന് എന്താണ് ന്യായീകരണം? മാധ്യമങ്ങള്‍ ആക്രമിക്കപ്പെട്ടതാണല്ലോ കാര്യം. കാസര്‍ഗോഡ് അതിന് അറസ്റ്റിലായത് സി.പി.എമ്മുകാരല്ലേ- ശ്രീധരന്‍ പിള്ള അഭിമുഖത്തില്‍ ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകളും ശബരിമല സമരത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്ന ശ്രീധരന്‍ പിള്ളയുടെ അഭിമുഖം സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു