കേരളം

അനധികൃത നിർമ്മാണം തുടർന്നത് കോടതിയലക്ഷ്യം ; നിർമ്മാണം എസ് രാജേന്ദ്രന്റെ സാന്നിധ്യത്തിൽ ; ദേവികുളം സബ് കളക്ടർ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച് ഹൈക്കോടതിയിൽ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് ദേവികുളം സബ്കളക്ടര്‍ രേണു രാജ് അഡ്വക്കേറ്റ് ജനറലിന് കൈമാറി. അധികൃതര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും പഞ്ചായത്ത് അനധികൃത നിര്‍മാണം തുടര്‍ന്നു. 2010-ലെ കോടതി വിധിയുടെ ലംഘനമാണിത്. അത് കൊണ്ട് തന്നെ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അനധികൃത നിര്‍മാണം നടന്നത്. നടപടിയെടുക്കാന്‍ ചെന്ന റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം എസ്.രാജേന്ദ്രന്‍ എംഎല്‍എ വ്യക്തിപരമായ അധിക്ഷേപിച്ച കാര്യം സബ്കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. 

എന്നാൽ റവന്യൂ പ്രിന്‍സിപ്പൽ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം സബ് കളക്ടർ രേണുരാജ് സൂചിപ്പിച്ചിട്ടുണ്ട്. കയ്യേറ്റവുമായി ബന്ധപ്പെട്ട് സബ്കളക്ടർ സമർപ്പിച്ച റിപ്പോര്‍ട്ടിലെ നിയമപരമായ പിശകുകളും മറ്റും അഡ്വക്കേറ്റ് ജനറൽ പരിശോധിച്ച ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിര്‍മാണമാണ് വിവാദമായത്. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്ന പേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണം. സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് അവഗണിച്ച് പണി തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ച റവന്യൂസംഘം തടയാനെത്തിയിരുന്നു.

ഇവരെ രാജേന്ദ്രന്റെയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയുടെയും നേതൃത്വത്തില്‍ തടയാനെത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം. സബ്കളക്ടര്‍ക്കെതിരേ രാജേന്ദ്രൻ മോശമായ ഭാഷയിൽ സംസാരിച്ചത് മാധ്യമങ്ങളിൽ വൻവാർത്തയായി. തുടർന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എംഎല്‍എയോട് സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം ഇന്ന് ജില്ലാ കമ്മിറ്റി പരിശോധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്