കൊച്ചി: സംസ്ഥാനത്തെ കുറിയര്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ വാഴപ്പിണ്ടിക്ക് അപ്രഖ്യാപിത വിലക്ക്. വാഴപ്പിണ്ടി അയയ്ക്കാന്‍ കൊണ്ടുവന്നാല്‍ എടുക്കരുതെന്നു സ്വകാര്യ കുറിയര്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്കു പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാഴപ്പിണ്ടി ചാലഞ്ച് തുടങ്ങുമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി.
വാഴപ്പിണ്ടി ചലഞ്ച് പ്രഖ്യാപിച്ചതിനു പിന്നാലെ തപാല്‍ ഓഫിസുകളില്‍ വാഴപ്പിണ്ടി എടുക്കില്ലെന്നു തീരുമാനിച്ചിരുന്നു. ഇതോടെയാണു, കുറിയര്‍ സര്‍വീസ് വഴി വാഴപ്പിണ്ടി അയയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലോചിച്ചത്. തൃശൂരും മറ്റു ചിലയിടങ്ങളിലും കുറിയര്‍ വഴി മുഖ്യമന്ത്രിക്കു വാഴപ്പിണ്ടി അയയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അപ്രഖ്യാപിത വിലക്ക്.
കാസര്‍കോട്ടെ ഇരട്ടക്കൊലയില്‍ മൗനം പാലിച്ച ഇടതുപക്ഷ സാംസ്കാരിക നായകരോടുള്ള പ്രതിഷേധം അറിയിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ മുഖ്യമന്ത്രി ഫെയ്സ്ബുക് കുറിപ്പില്‍ വിമര്‍ശിച്ചതോടെയാണു മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി ചാലഞ്ച് പ്രഖ്യാപിച്ചത്.
സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചതിനു 10 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ സമരം നടത്തിയതിനാണ് കേസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ