കേരളം

ദേശീയ പണിമുടക്ക് : കടകള്‍ ബലമായി അടപ്പിക്കില്ല ; സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 8,9 തീയതികളില്‍ നടത്തുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍. ഒരു കടയും ബലംപ്രയോഗിച്ച് അടപ്പിക്കില്ലെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. 

കടകള്‍ അടച്ചിടാന്‍ ആവശ്യപ്പെടില്ല. തൊഴിലാളി പണിമുടക്കിനാണ് ആഹ്വാനം നല്‍കിയിട്ടുള്ളത്. വ്യാപാരികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ സഹകരിക്കാം. സ്വകാര്യ വാഹനങ്ങളെ തടയില്ല. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അറിയിച്ചു.

ദേശീയ പണിമുടക്കില്‍ കടകള്‍ അടക്കില്ലെന്ന് വ്യക്തമാക്കി വ്യാപാരി വ്യവസായി അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. പൊതുപണിമുടക്ക് ദിവസം കടകള്‍ തുറക്കാന്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്‍ര്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനം നിശ്ചലമാകുമെന്ന് നേതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു. 

കേന്ദ്ര, സംസ്ഥാന പൊതുമേഖലാ ജീവനക്കാര്‍, ധനകാര്യസ്ഥാപനജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, സ്‌കീം വര്‍ക്കേഴ്‌സ് തുടങ്ങി സംഘടിത, അസംഘടിത, പരമ്പരാഗത, സേവന മേഖലകളില്‍നിന്നുള്ള മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കും.  മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ ഗതാഗതം സ്തംഭിക്കും. പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിന്‍തടയല്‍ സമരവും നടക്കും. പണിമുടക്ക് ദിനങ്ങളില്‍ ട്രെയിന്‍യാത്ര ഒഴിവാക്കി  ജനങ്ങള്‍ സഹകരിക്കണമെന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അഭ്യര്‍ഥിച്ചിരുന്നു. 

മിനിമം വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക  സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക, സ്‌കീം തൊഴിലാളികളുടെ വേതനവും സൗകര്യങ്ങളും ഉറപ്പുവരുത്തുക, ധനമേഖലയെ സംരക്ഷിക്കുക, പൊതുമേഖല വിറ്റ് തുലയ്ക്കുന്നത് നിര്‍ത്തലാക്കുക,  കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, ഐഎല്‍ഒയുടെ 87, 98 കണ്‍വന്‍ഷന്‍ തീരുമാനം അംഗീകരിക്കുക, തൊഴിലെടുക്കുന്നവര്‍ക്ക് മിനിമം പെന്‍ഷന്‍ പ്രതിമാസം 3000 രൂപ ഉറപ്പുവരുത്തുക, തൊഴില്‍നിയമ ഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ