കേരളം

മിന്നല്‍ ഹര്‍ത്താലിന് വിലക്ക്; ഏഴുദിവസം മുമ്പ് നോട്ടീസ് നല്‍കണം ;  നഷ്ടപരിഹാരം ആഹ്വാനം ചെയ്യുന്നവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമം ഇല്ലാത്തതുമൂലമാണ് ഹര്‍ത്താല്‍ നിത്യസംഭവമാകുന്നത്. ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ട്. അടിക്കടി ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്നും ഇടക്കാല ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

ഹര്‍ത്താല്‍ മുന്‍കൂര്‍ പ്രഖ്യാപിച്ച് നോട്ടീസ് നല്‍കണം. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. സമരങ്ങള്‍ ജനങ്ങളുടെ മൗലികാവകാശങ്ങളെ ബാധിക്കുന്നതാകരുത്. ഹര്‍ത്താലിനിടെയുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആഹ്വാനം ചെയ്തവര്‍ക്കാണ്. നാശനഷ്ടമുണ്ടായാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും കയ്യില്‍ നിന്ന് പണം ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി രാവിലെ അഭിപ്രായപ്പെട്ടിരുന്നു. ഇതുവഴി മിന്നല്‍ പണിമുടക്കോ, ഹര്‍ത്താലോ പ്രഖ്യാപിച്ച് പൊതുജനത്തെ വലയ്ക്കുന്നത് ഒഴിവാക്കാം. കൂടാതെ സര്‍ക്കാരിന് വേണ്ട മുന്‍കരുതല്‍ നടപടി സ്വീകരിക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു. സമരം ചെയ്യുക എന്നത് മൗലികാവകാശത്തിന്റെ പരിധിയില്‍വരുന്നതാണ്. അതിനെ കോടതി നിരുല്‍സാഹപ്പെടുത്തുന്നില്ല. മറിച്ച് മൗലികാവകാശത്തെ ഉപയോഗിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് എത്രകണ്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു, പൊതു ജീവിതത്തെ എത്രകണ്ട് ബാധിക്കുന്നു എന്നുകൂടി ആലോചിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പലയിടങ്ങളിലായി 97 ഹര്‍ത്താലുകളുണ്ടായി. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിരതയെ അത് എത്രകണ്ട് പ്രതികൂലമായി ബാധിക്കുന്നു എന്ന് ഹര്‍ത്താലുകള്‍ നടത്തുന്നവര്‍ ചിന്തിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

രാവിലെ ഹര്‍ത്താലിനെതിരായ ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍, നാളത്തെ ദേശീയ പണിമുടക്ക് നേരിടാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍്കകാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പണിമുടക്കിനെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കും. നാളെ തുറക്കുന്ന കടകള്‍ക്കും വ്യാപാരസ്ഥാനങ്ങള്‍ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കും. ആവശ്യപ്പെടുന്നവര്‍ക്ക് സുരക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ഹര്‍ത്താലിനെതിരെ ചേംബര്‍ ഓഫ് കൊമേഴ്‌സിനു വേണ്ടി ബിജു രമേശും, മലയാള വേദിക്ക് വേണ്ടി ജോര്‍ജ് വട്ടുകുളവുമാണ് കോടതിയെ സമീപിച്ചത്. ഹര്‍ത്താലിലെ അക്രമങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി രാവിലെ അഭിപ്രായപ്പെട്ടിരുന്നു. ഇത് അതീവഗുരുതര പ്രശ്‌നമാണ്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. 

ഹര്‍ത്താലുകള്‍ ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് തമാശ പോലെയാണ്. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന് കോടതികള്‍ മുമ്പേ ഉത്തരവിട്ടതാണ്. ഇതില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്. ഒരു വര്‍ഷത്തിനിടെ പലയിടങ്ങളിലായി 97 ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍