കേരളം

നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം ; ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായി കൊല്ലം ബൈപ്പാസ് ; സവിശേഷതകൾ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമാകുന്ന കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിന്നും ഇടത്  എംഎൽഎമാരെ ഒഴിവാക്കിയതിനെതിരെ എൽഡിഎഫും, മറുവാദവുമായി ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. 

അതേസമയം പ്രധാനമന്ത്രി ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന ബൈപാസ് ദീർഘദൂരയാത്രക്കാർക്ക് അനുഗ്രഹമാകുമെന്ന് വിലയിരുത്തപ്പെടുന്നു. നിർമാണം ആരംഭിച്ചിട്ടു നാലരപ്പതിറ്റാണ്ടിലേറെയായ ബൈപാസ് യാഥാർഥ്യമാകുന്നതോടെ ആലപ്പുഴ ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കു കൊല്ലം നഗരത്തിലെ വാഹനത്തിരക്കിൽപ്പെടാതെ കടന്നുപോകാനാകും. 

ആലപ്പുഴ ഭാഗത്തു നിന്നു വരുന്നവർ നീണ്ടകര പാലം കടന്ന് ഒരു കിലോമീറ്ററിൽ താഴെ സഞ്ചരിച്ചാൽ ആൽത്തറമൂട്ടിൽ എത്തും. ഇവിടെ നിന്നാണ് ബൈപാസിന്റെ തുടക്കം. 

ബൈപാസിന്റെ ആകെ ദൈർഘ്യം (ആൽത്തറമൂട് – മേവറം) 13.13 കിലോമീറ്ററാണ്. ആൽത്തറമൂട്ടിൽനിന്ന് ചിന്നക്കട വഴി നഗരത്തിലൂടെ ബൈപാസ് അവസാനിക്കുന്ന മേവറം വരെ ദൂരം 13.4 കിലോമീറ്റർ. ലാഭിക്കുന്നതു 300 മീറ്റർ മാത്രമല്ല, കാവനാട്, വെള്ളയിട്ടമ്പലം, ആനന്ദവല്ലീശ്വരം, കലക്ടറേറ്റ്, ഹൈസ്കൂൾ ജംക്‌ഷൻ, താലൂക്ക് കച്ചേരി ജംക്‌ഷൻ, ചിന്നക്കട, പോളയത്തോട്, പള്ളിമുക്ക്, തട്ടാമല എന്നിവിടങ്ങളിലെ ​ഗതാ​ഗത കുരുക്കിൽ നഷ്ടപ്പെടുന്ന സമയം കൂടിയാണ്.

നിലവിൽ ആൽത്തറമൂട് മുതൽ മേവറം വരെ സഞ്ചരിക്കാൻ അരമണിക്കൂറിലേറെ വേണം. തിരക്കേറിയ സമയങ്ങളിൽ ഇത് ഒരു മണിക്കൂർ വരെയാകാം. എന്നാൽ, ബൈപാസ് വഴി പോയാൽ 15 മിനിറ്റിൽ താഴെ മാത്രം മതിയാകും.  

 2016 മെയ് 31 വരെ 23.52 ശതമാനം ജോലിയാണ് പൂർത്തിയാക്കിയിരുന്നത്. രണ്ടര വർഷത്തിനകം 76 ശതമാനം ജോലികളും പൂർത്തിയാക്കാനായി. ഫൗണ്ടേഷനുകളിലായിരുന്ന 3 പാലങ്ങളും ആയിരം ദിവസത്തിനുള്ളിൽ പൂർണ്ണ സജ്ജമാക്കി. 46 പിയറുകളിൽ 37 എണ്ണവും പണിതത് ഈ സർക്കാരിന്റെ കാലത്താണ്. വൻ പ്രളയത്തിനിടയിലാണ് ഈ പ്രവൃത്തികൾ മാന്ദ്യമേതുമില്ലാതെ പൂർത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്