കേരളം

കേരളത്തിൽ വംശീയ വിവേചനം; റെസ്റ്റോറന്റിൽ സീറ്റ് നിഷേധിച്ചതിനെതിരെ ബോളിവുഡ് സംവിധായകൻ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിൽ വംശീയ വേർതിരിവിന് ഇരയായെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത. ഒരു വിവാഹത്തിൽ പങ്കെടുക്കാനായി കുടുംബവുമായി കൊച്ചിയിലെത്തിയപ്പോഴാണ് തനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്ന് സംവിധായകൻ പറയുന്നു. ഫോർട്ട്കൊച്ചിയിലെ പ്രമുഖ സീ ഫുഡ് റസ്റ്റോറന്റായ സീഗളിൽവച്ചാണ് വിവേചനം നേരിട്ടതെന്ന് സഞ്ജയ് വെളിപ്പെടുത്തി. 

'അഞ്ച് ദിവസത്തെ കേരള ‌യാത്രയ്ക്കിടയിൽ ഒരു വൈകുന്നേരമാണ് സീ​ഗളിൽ എത്തിയത്. എട്ട് പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിന് സുര്യാസ്തമയം കണ്ട് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ടേബിൾ നൽകണമെന്ന് റസ്റ്റോറന്റ് ജീവനക്കാരനോട് പറഞ്ഞു. എന്നാൽ ആ ടേബിളുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു മറുപടി', സഞ്ജയ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ടേബിൾ ലഭിക്കാഞ്ഞതിനെത്തുട‌ർന്ന് അടുത്തുള്ള മറ്റൊരു റെസ്റ്റോറന്റിലേക്ക് മാറുകയായിരുന്നു സഞ്ജയും കുടുംബവും. 

എന്നാൽ അവിടേനിന്ന് നോക്കിയപ്പോൾ ജലോപരിതലത്തിലെ തട്ടിനു മുകൾഭാഗത്തെ സീറ്റുകൾ വെള്ളക്കാർക്ക് മാത്രമായി മാറ്റിവച്ചിരിക്കുകയാണെന്ന് താൻ മനസ്സിലാക്കിയെന്ന് സഞ്ജയ് പറയുന്നു. ഒഴിഞ്ഞ മേശകൾ ഉണ്ടായിട്ടും ഇന്ത്യക്കാർക്ക് നൽകുന്നില്ല മറിച്ച് റസ്റ്റോറന്റിലെ മറ്റൊരു ഭാ​ഗത്തായാണ് ഇവർക്ക് സൗകര്യങ്ങളൊരുക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്ന് സഞ്ജയ് പറഞ്ഞു. 

തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സഞ്ജയ് ഇതേക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. ട്വീറ്റിന് താഴെ വിഷയത്തിൽ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുമായി നിരവധി ആളുകൾ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി മുമ്പ് പങ്കുവച്ച പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് സഹിതമാണ് ചിലർ കമന്റ് ചെയ്യുന്നത്. 

സഞ്ജയ് ഗുപ്തയുടെ ആരോപണത്തെ എതിർത്ത് സീ​ഗൾ അധികൃതരും രം​ഗത്തെത്തി. ബിനാലെ ആയതിനാൽ വളരെയധികം തിരക്കുള്ള സമയമാണ് ഇതെന്നും മറ്റ് ബുക്കിങ് ഉണ്ടായിരുന്നതു കൊണ്ടാണ് സഞ്ജയ് ഗുപ്തയെ ആ സമയം അവിടെ ഇരുത്താൻ കഴിയാതിരുന്നതെന്നും സീഗൾ സഹ ഉടമ വിപി ജയകൃഷ്ണൻ പറഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്ത മൂന്ന് ടൂറിസ്റ്റ് ​ഗ്രൂപ്പുകൾ എത്തുന്നതിനാലാണ് സഞ്ജയ്ക്ക് ടേബിൾ നൽകാനാകാഞ്ഞത്. ഇതിനെ വംശീയമായ വേർതിരിവായി സഞ്ജയ് കണ്ടത് ദൗർഭാ​ഗ്യകരമാണ്, ജയകൃഷ്ണൻ പറഞ്ഞു. വിദേശികളും ഇന്ത്യയിൽ നിന്നുള്ളവരും തദ്ദേശിയരും ഒന്നിച്ച് ഭക്ഷണത്തിനിരിക്കുന്നത് കഴിഞ്ഞ ഏഴ് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽബോധ്യപ്പെടുമെന്നും ഈ ദൃശ്യങ്ങൾ നൽകാൻ തയ്യാറാണെന്നും ജയകൃഷ്ണൻ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു