കേരളം

'വിഖ്യാതനായ കേരളീയന്‍'; പുതിയകാല പത്രപ്രവര്‍ത്തകര്‍ക്ക് ടിജെഎസില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്; മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ്ജ് പ്രവര്‍ത്തിയെടുക്കുന്ന പത്രസ്ഥാപനത്തിന്റെ ബ്രാക്കറ്റില്‍ ഒതുക്കപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്നില്ലെന്നും ഇപ്പോഴും അങ്ങനെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവര്‍ത്തിച്ച ഏത് പത്രസ്ഥാപനത്തേക്കാളും ഉയര്‍ന്ന വ്യക്തിത്വം അദ്ദേഹത്തിന് പുലര്‍ത്തിപോവാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടിജെഎസ് ജോര്‍ജ്ജിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വദേശാഭിമാനിയുടെയും കേസരിയുടെയും പേര് ചേര്‍ന്നു നില്‍ക്കുന്ന പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിച്ചത് പലകാലങ്ങളിലായി പല സ്ഥാപനങ്ങളിലായി അദ്ദേഹം പ്രവര്‍ത്തിച്ച സംഭാവനകളെ സമഗ്രമായി പരിഗണിച്ചുകൊണ്ടാണ്. 70 ഓളം വര്‍ഷം നീണ്ടു നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകനാണ് ടിജെഎസ് ജോര്‍ജ്ജ്. ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ കുലപതികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോത്തന്‍ ജോര്‍ജ്ജ്, സദാനന്ദ്, ശിവറാം, എടത്തട്ട് നാരായണന്‍ എന്നിവരൊക്കെ നിറഞ്ഞുനിന്ന കാലത്ത് ഫ്രീപ്രസ് ജേണലിലൂടെ അദ്ദേഹം പത്രപ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഹോങ്കോങിലെ ഫാര്‍ ഈസ്റ്റേണ്‍ എക്കോണിമിക് റിവ്യൂവിലൂടെയും ഏഷ്യാവീക്ക് എന്ന പ്രസിദ്ധീകരണത്തിലൂടെ അന്തര്‍ദേശീയ തലത്തിലേക്ക് ഉയരുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പറ്റ്‌നയിലെ റിസര്‍ച്ച് ലൈറ്റ് പത്രാധിപരായിരിക്കെ അദ്ദേഹം തടവിലായി. തടവിലായ അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാന്‍ വികെ കൃഷ്ണമേനോന്‍ എത്തിയതും ശ്രദ്ധേയമായ കാര്യമായിരുന്നു. പത്രപ്രവര്‍ത്തനം നടത്തിയതിന് ജയിലിലാക്കപ്പെട്ട പശ്ചാത്തലമുളള പ്രഗത്ഭമതിയായ ഒരു പത്രപ്രവര്‍ത്തകനെ, സ്വതന്ത്രമാധ്യമപ്രവര്‍ത്തനം പല തരത്തിലുള്ള ഭീഷണി നേരിടുന്ന സമയത്ത് ആദരിക്കാന്‍ കഴിയുന്നത് പുരോഗമന കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒന്നാണെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ കൃത്യമായ ധാരണയുള്ള പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെതായ വ്യക്തിമുദ്ര ടിജെഎസ് പതിപ്പിച്ചിരുന്നു.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം ജയിലിലടയ്ക്കപ്പെട്ട എഡിറ്ററും ടിജെഎസ് ജോര്‍ജ്ജ് ആണെന്ന് പിണറായി പറഞ്ഞു.

രാഷ്ട്രീയം, സംഗീതം, അഭിനയം തുടങ്ങി ഏത് വിഷയത്തെ കുറിച്ചും ആധികാരികമായി എഴുതാന്‍ കഴിവുള്ളയാളായാണ് അദ്ദേഹം വളര്‍ന്നത്. ഒരു മലയാളി ഇത്രത്തോളം വളര്‍ന്നു എന്നത് നമ്മുടെ നാടിനാകെ അഭിമാനിക്കാവുന്ന ഒന്നാണ്. വിഖ്യാതനായ ഈ കേരളിയനെ നമ്മുടെ നാട് ആദരിക്കുമ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഭാവനകളെയും കുറിച്ചുള്ള വാതില്‍ തുറന്നിടുകയാണ്. അതുകൊണ്ട് തന്നെ പുതിയ കാല പത്രപ്രവര്‍ത്തകര്‍ക്ക് ഏറെ പഠിക്കാനുമുണ്ടെന്ന് പിണറായി പറഞ്ഞു.

നമ്മുടെ രാജ്യത്തെ മാധ്യമപ്രവര്‍ത്തനമെന്നത് നമുക്ക് മനസിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത വിധം മാറിയിരിക്കുകയാണ്. അധികാരസംവിധാനത്തിന് ആവശ്യമായതെന്തോ അത് നിര്‍വഹിച്ചുകൊടുക്കാനുള്ള ഉപാധിയായി മാധ്യമപ്രവര്‍ത്തനത്തെ തരംതാഴ്ത്തുന്നതിന് ഒരുവിഭാഗത്തിന് കഴിഞ്ഞിരിക്കുന്നു. ഇതില്‍ സ്വമേധയാ ഉള്ള വിധേയപ്പെടലുണ്ട്. ഭീതി കാരണമുള്ള വഴങ്ങിക്കൊടുക്കലുണ്ട്. വര്‍ഗീയ താത്പര്യങ്ങള്‍ മുതല്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ള വ്യഗ്രതപ്പെടലുണ്ട്. ഇവയെല്ലാം ചേര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനം മുന്‍പ് ഒരുകാലത്തുമില്ലാത്ത വിധത്തില്‍ ജീര്‍ണിച്ചിരിക്കുയാണ്. പെയ്ഡ് ന്യൂസ് മുതല്‍ പത്രമുതലാളിയും ഭരണാധികാരികളും തമ്മില്‍ ഒത്തുനീങ്ങുന്ന ചങ്ങാത്തമുതലാളിത്തത്തില്‍ വരെ ഇത് പ്രതിഫലിച്ച് നില്‍ക്കുകയാണെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ