കേരളം

'എന്റെ കാലത്ത് ജയിലിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല' : ഋഷിരാജ് സിങിനെതിരെ ശ്രീലേഖ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ജയിലുകളിൽ നേരത്തേ അരാജകത്വം ആയിരുന്നുവെന്നും പുതിയ ഡിജിപി എത്തിയതോടെ എല്ലാം ശരിയാക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾക്കെതിരെ മുൻ ജയിൽഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.  താൻ ജയിൽ മേധാവിയായിരുന്നപ്പോൾ ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും ആരും ജയിലിനകത്ത് കയറ്റിയിട്ടില്ലെന്ന് ശ്രീലേഖ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ഇപ്പോൾ ജയിലുകളിൽ നിന്ന് ഫോണുകൾ പിടിക്കുന്നു, കഞ്ചാവ് കണ്ടെടുക്കുന്നു, ജയിലുകളിൽ ആൾക്കാർ മരിക്കുന്നു, സ്ത്രീകൾ ജയിൽ ചാടുന്നു തുടങ്ങിയ വാർത്തകൾ കാണുമ്പോൾ വിഷമം തോന്നുന്നു.  ജയിലുകൾ മാതൃകാപരമാക്കുന്നതിൽ തന്റെ പ്രവർത്തനകാലത്ത് വലിയ മുന്നേറ്റമുണ്ടായി, എന്നാൽ തനിക്ക് ഈഗോ കുറവായതിനാൽ പബ്ലിസിറ്റിക്ക് ശ്രമിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞു. പുതിയ ജയിൽ ഡിജിപി ഋഷിരാജ് സിങിനെ പരോക്ഷമായി വിമർശിക്കുന്നതാണ് പോസ്റ്റ്. എന്നാൽ പിന്നീട് ഈ പോസ്റ്റ് കാണാതായി. 

ആർ. ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്: 

2019 ജൂൺ 11 വരെ മാത്രമേ ഞാൻ ജയിൽ ഡി.ജി.പി. ആയിരുന്നിട്ടുള്ളൂ. രണ്ടുവർഷവും അഞ്ചുമാസവും ഞാൻ അവിടെയുണ്ടായിരുന്ന അത്രയും സമയം യാതൊരു പ്രശ്നങ്ങളുമില്ലാതെ പോയിരുന്ന വകുപ്പാണ്.

ആയിരത്തിലധികം തടവുകാരെ മാനസിക പരിവർത്തനംനടത്തി പുതിയ തൊഴിൽ പരിശീലിപ്പിച്ചു സമൂഹത്തിൽ പുനരധിവസിപ്പിച്ച ചാരിതാർഥ്യം വളരെയുണ്ട്. 2017 ജനുവരിയിൽ മുന്നൂറിൽ അധികം വനിതാ തടവുകാർ ഉണ്ടായിരുന്നപ്പോൾ ഞാൻ ചാർജ് വിടുമ്പോൾ വെറും 82 പേർ മാത്രം. കേരള ചരിത്രത്തിൽ ആദ്യമായി തടവുകാരുടെ എണ്ണം ആയിരത്തോളം കുറഞ്ഞതും ആ സമയത്താണ്.

ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും അതേവരെ ജയിലിനുള്ളിൽ ആരും കടത്തിയിട്ടില്ല. അഥവാ കണ്ടെത്തിയാൽ ഉടൻതന്നെ അതതു പോലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുമുണ്ട്. മൂന്നാംമുറ ഒരു കാരണവശാലും ഉണ്ടാവാതെ ശ്രദ്ധിച്ചിട്ടുണ്ട്. ഏതെങ്കിലും തടവുകാരനെ അവശനിലയിൽ കണ്ടാൽ ഉടൻതന്നെ ചികിത്സ ലഭ്യമാക്കിയിട്ടിട്ടുമുണ്ട്. എന്നാൽ ഇതൊന്നും പത്രക്കാരോട് പറയേണ്ട കാര്യങ്ങളായി എനിക്ക് തോന്നിയിട്ടില്ല. ഈഗോ അല്പം കുറവായതിനാൽ പബ്ലിസിറ്റിയിൽ വലിയ താത്‌പര്യവുമില്ല.

ഇപ്പോൾ 12-ന് തിരുവനന്തപുരം സെൻട്രൽ ജയിൽ നിന്ന് റെയ്ഡ് നടത്തി അനധികൃത വസ്തുക്കൾ പിടിക്കുന്നു, തുടർന്ന് കണ്ണൂർ, വിയ്യൂർ ജയിലുകളിൽനിന്ന് തുടർച്ചയായി ഫോണുകൾ, കഞ്ചാവ് തുടങ്ങിയവ പിടിക്കുന്നു, വീണ്ടും വീണ്ടും റെയ്ഡുകളിൽ ഇതുതന്നെ ആവർത്തിച്ചു പിടിക്കുന്നു എന്നിങ്ങനെ വാർത്തകൾ വായിക്കുമ്പോൾ വിഷമം തോന്നുന്നു.

അതിലേറെ വിഷമം ജയിലുകളിൽ ആൾക്കാർ മരിക്കുന്നു, സ്ത്രീകൾ ജയിൽ ചാടുന്നു എന്നീ വാർത്തകൾ ഉണ്ടാവുമ്പോഴാണ്. എവിടെ ജോലി ചെയ്യുമ്പോഴും നൂറുശതമാനം ആത്മാർഥതയോടെയും ജനങ്ങൾക്കും സർക്കാരിനും വകുപ്പിനും പരമാവധി നന്മമാത്രം ലാക്കാക്കി പ്രവർത്തിക്കുന്നവർക്ക് വിഷമം തോന്നുക സ്വാഭാവികമാണല്ലോ’
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്