കേരളം

അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യും; സിപിഎമ്മിനെതിരെ സാജന്റെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ ഭാര്യ ബീനയും മക്കളും. കേസ് വഴി തിരിച്ചുവിടുന്നതിനായി പാര്‍ട്ടി അപവാദം പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടി മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാര്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഇങ്ങനെ അപവാദം തുടരുകയാണെങ്കില്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരും. അപവാദം പ്രചരിപ്പിക്കുന്നവര്‍ തന്റെ മകളെ കുറിച്ചെങ്കിലും ഓര്‍ക്കണം. കുട്ടികള്‍ തനിക്കെതിരെ മൊഴി നല്‍കിയെന്നത് വ്യാജപ്രചാരണം മാത്രമാണ്. വീട്ടില്‍ യാതൊരു വിധത്തിലുമുള്ള കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ലോകം ഒരുപാട് കണ്ട സാജന്‍ ഒരു നിസാരകാരണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ലെന്നും ബീന പറഞ്ഞു.

കുടംബപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് മകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് താന്‍ നല്‍കിയ മൊഴി. അത് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും മകള്‍ പറഞ്ഞു. വീഡിയോ കോള്‍ ചെയ്തത് താനാണെന്ന് മകനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതല്ല സാജന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസിന്റെ അന്വേഷണ പുരോഗതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ദേശാഭിമാനിയുടെ റിപ്പോര്‍ട്ട്.സാജന്റെ പേരിലുള്ള സിം കാര്‍ഡുകളില്‍ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നതെന്നും. ഈ നമ്പറിലേക്കുവന്ന കോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഫോണ്‍ കോളുകളും അതേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മണ്‍സൂറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ജനുവരി മുതല്‍ സാജന്‍ ആത്മഹത്യ ചെയ്ത ജൂണ്‍ 18വരെയുള്ള കാലയളവിലാണ് മണ്‍സൂറില്‍ നിന്ന് തുടര്‍ച്ചയായി കോളുകള്‍ ഉണ്ടാവുന്നത്. 25 കോളുകള്‍ വരെ വന്ന ദിവസങ്ങളുണ്ട്. കൂടുതലും മണിക്കൂറുകള്‍ നീളുന്നവ. സാജന്‍ മരിച്ച ദിവസം 12 തവണ വിളിച്ചു. രാത്രി 11.10ന് വീഡിയോ കോള്‍ വന്നു. ഇതിനുശേഷമാണ് സാജന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

സാജന്റെ ആത്മഹത്യ വലിയ വിവാദമാണ് സൃഷ്ടിച്ചത്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിപ്പിച്ചതില്‍ സിപിഎമ്മിലും അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. പ്രാദേശിക നേതൃത്വം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയെ വിമര്‍ശിച്ചപ്പോള്‍ സംസ്ഥാന നേതൃത്വം ഉദ്യോഗസ്ഥ പിഴവാണ് അനുമതി വൈകിപ്പിച്ചതിന് കാരണമെന്ന നിലപാടാണ് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും