കേരളം

'ഇനിയും നാണക്കേട് സഹിക്കാൻ വയ്യ' ; ആദിവാസികളുടെ വീട് നിർമ്മാണത്തിന് സർക്കാരിന് 10 ലക്ഷം നൽകുമെന്ന് മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്ത് നടി മഞ്ജു വാര്യർ വഞ്ചിച്ചെന്ന കേസ് ഒത്തുതീർപ്പാക്കി. സർക്കാരിന് 10 ലക്ഷം രൂപ നൽകി ആദിവാസി കോളനി നവീകരണത്തിൽ പങ്കാളിയാകുമെന്ന് മഞ്ജു പറഞ്ഞു. ഈ വിഷയത്തിൽ ഇനിയും നാണക്കേട് സഹിക്കാൻ വയ്യെന്നും താരം സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കി.

പണിയ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. അതിനു ശേഷം അവര്‍ പിന്‍വാങ്ങുകയായിരുന്നു. 

പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുത്തിരുന്നതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു. 

ഇതേത്തുടർന്ന് നടിക്കെതിരെ പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍  ജില്ലാ ലീ​ഗൽ സർവീസ് അതോറിട്ടിക്ക് പരാതി നൽകിയിരുന്നു. കേസിൽ ഈ മാസം 15 ന് നടി നേരിട്ടു ഹാജരാകണമെന്ന് അതോറിട്ടി നടിക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതേ പരാതിയില്‍ മുന്‍ ഹിയറിങ്ങുകളില്‍ മഞ്ജു ഹാജരായിരുന്നില്ല. ഇതേത്തുടർന്ന്  15ന് നിർബന്ധമായും ഹാജരാകണമെന്ന്  ഡിഎല്‍എസ്എ  നോട്ടീസിൽ മഞ്ജുവാര്യരോട് ആവശ്യപ്പെടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു