കേരളം

മഴപ്പാത്തി കേരളത്തിന് മുകളിൽ; മഴ കനക്കും, റെഡ് അലർട്ട് നീട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അറബിക്കടലിൽ നിന്നുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശിത്തുടങ്ങിയതോടെ, ദുർബലമായിരുന്ന മഴയുടെ ഗതിമാറുന്നു. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും ഇപ്പോൾ കേരളത്തിനു മുകളിലാണ്. പശ്ചിമഘട്ടത്തിനു സമാന്തരമായി ഗോവ വരെ മഴപ്പാത്തി ചിറകുവിരിച്ചു നിൽക്കുന്നു. ഇതിനു പുറമേയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു മുന്നോടിയായ കാറ്റ് ശക്തപ്പെട്ടത്. കിഴക്കുനിന്ന് പടിഞ്ഞാറേക്കു വീശുന്ന കാറ്റും പടിഞ്ഞാറു നിന്നു കിഴക്കോട്ടു വീശുന്ന കാറ്റും കൂടി യോജിച്ചുള്ള മഴപ്പെയ്ത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

തെക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. വടക്കൻ ജില്ലകളിൽ ഞായർ വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ മൂന്നുദിവസം കൂടി തുടർന്നാൽ ഏകദേശം 40 സെന്റിമീറ്റർ വരെ മഴ ലഭിക്കും. ചില ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നീട്ടിയിട്ടുണ്ട്. ഇന്ന് കാസർകോട്ട് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇതു പരി​ഗണിച്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.  ശനിയാഴ്ച രാത്രി പതിനൊന്നരവരെ പൊഴിയൂർമുതൽ കാസർകോടുവരെയുള്ള കേരളതീരത്ത് 2.9 മുതൽ 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് ആരംഭിച്ച 9 ദുരിതാശ്വാസ ക്യാംപുകളിലേക്ക് 106 കുടുംബങ്ങളിലായി 437 പേരെ മാറ്റി. സംസ്ഥാന കൺട്രോൾ റൂം നമ്പർ: 1070. ജില്ലാ കൺട്രോൾ റൂമുകൾ: എസ്ടിഡി കോഡിനു ശേഷം 1077 ചേർത്ത് ഡയൽ ചെയ്യുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ