കേരളം

ആഫ്രിക്കന്‍ ഒച്ചുകള്‍ അതീവ അപകടകാരികള്‍: മസ്തിഷ്‌കരോഗത്തിന് വരെ കാരണമായേക്കും, മുന്‍കരുതലുകള്‍

സമകാലിക മലയാളം ഡെസ്ക്

കുറ്റിപ്പുറം: മരണത്തിനുവരെ കാരണമായേക്കാവുന്ന അപകടകാരികളായ ആഫ്രിക്കന്‍ ഒച്ചുകള്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വ്യാപകമായി പെരുകുന്നുണ്ട്. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സമീപകാലത്ത് അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തിയത്. 

ഒറ്റനോട്ടത്തില്‍ നിരുപദ്രവകാരികളെന്ന് തോന്നുമെങ്കിലും അത്യന്തം അപകടകാരികളാണ് ഇവയെന്നാണ് വിദഗ്ധര്‍ പറയുന്നത്. മസ്തിഷ്‌കരോഗങ്ങള്‍ക്കുവരെ കാരണമാകുന്നവയാണ് ഈ ഒച്ചുകളെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ എറണാകുളത്ത് 10 കുട്ടികള്‍ക്ക് ഇത്തരം രോഗം പിടിപെട്ടത് ഒച്ചുകളില്‍നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ഈ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ ഇവയ്ക്ക് വാസയോഗ്യമല്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഒച്ചുകളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കൃഷിയിടങ്ങളിലെ ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയര്‍, വാഴ തുടങ്ങി അഞ്ഞൂറോളം സസ്യങ്ങള്‍ തിന്നുതീര്‍ക്കുകയും നശിപ്പിക്കുകയുംചെയ്യും.

വര്‍ഷകാലത്താണ് ഇവയെ കൂടുതലായി പുറത്തുകാണുക.
കാത്സ്യം ലഭിക്കാന്‍ കോണ്‍ക്രീറ്റ് നിര്‍മിത വസ്തുക്കളില്‍ പറ്റിപ്പിടിച്ചിരിക്കും. ഇതാണ് വീടുകളിലെത്താന്‍ കാരണമാകുന്നത്. മതിലുകള്‍ക്ക് ബലക്ഷയമുണ്ടാകാനും ഇതു കാരണമാകും. ആന്‍ജിയോസ്‌ട്രോഞ്ചൈലിസ് കാന്റോനെന്‍സിസ് എന്ന വിരയുടെ വാഹകരയതിനാല്‍ ഇസ്‌നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗമുണ്ടാക്കുകയും ചെയ്യും.

നിവാരണനടപടികള്‍ ഒച്ചിനെ തൊടുകയോ ഒച്ചിന്റെ ശരീരത്തില്‍നിന്ന് വരുന്ന ദ്രവം ശരീരത്തില്‍ ആകുകയോ ചെയ്യാതിരിക്കുക. ഒച്ചുകളെ ഭക്ഷിക്കാതിരിക്കുക. ഒച്ചിനെ ഭക്ഷിക്കുന്ന ജീവികളെ ഭക്ഷണമായി ഉപയോഗിക്കുമ്പോള്‍ നന്നായി വേവിച്ചതിനുശേഷം മാത്രം കഴിക്കുക. ഒച്ചിന്റെ ദ്രവവും കാഷ്ടവും പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ നന്നായി കഴുകിയതിനുശേഷംമാത്രം പച്ചക്കറികള്‍ ഉപയോഗിക്കുക. കുടിവെള്ളം തിളപ്പിച്ചതിനുശേഷം മാത്രം കുടിക്കുക. 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാധാരണയായി കണ്ടെത്തുന്ന ഇവ 1847ലാണ് ഇന്ത്യയിലെത്തുന്നത്. ഗവേഷണ വിദ്യാര്‍ഥിയിലൂടെയാണ് 1955ല്‍ പാലക്കാട് വന്നുചേര്‍ന്നപ്പോഴാണ് ഇവ സംസ്ഥാനത്ത് ആദ്യമായെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു