കേരളം

'എല്ലാം രോഗിയുടെ നന്‍മയ്ക്ക്'; കാന്‍സറില്ലാതെ കീമോ ചെയ്ത സംഭവത്തില്‍ ആര്‍ക്കെതിരേയും നടപടിയില്ല, അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്‌

സമകാലിക മലയാളം ഡെസ്ക്

കോട്ടയം മെഡിക്കല്‍ കോളജില്‍ അര്‍ബുദമില്ലാത്ത രജനി എന്ന രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ വീഴ്ചയില്ലെന്ന് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ നിരപരാധികളും രോഗിയുടെ നന്മ മാത്രം ആഗ്രഹിച്ചവരുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ തെറ്റായ റിസള്‍ട്ട് നല്‍കിയ സ്വകാര്യ ലാബിനെതിരായ നടപടിയെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമൊന്നുമില്ല. 

ഏപ്രില്‍ 30-നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഡി.എം.ഇ അന്വേഷണസമിതിയെ നിയോഗിച്ചത്. പതോളജി വിഭാഗം മേധാവി ഡോ. എസ്. ശങ്കര്‍, സര്‍ജറി വിഭാഗം മേധാവി ഡോ. വി. അനില്‍ കുമാര്‍, റേഡിയേഷന്‍ ഓങ്കോളജി മേധാവി ഡോ. രമ പി.ഐ, ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. 

മെയ് ഏഴിനു സമിതി ആദ്യ സിറ്റിംഗ് നടത്തി രജനിയുടെ മൊഴിയെടുത്തു. ഒന്‍പതിന് ഡോ. കെ. സുരേഷ് കുമാര്‍, ഡോ. ആര്‍.പി. രെഞ്ജിന്‍, പതോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രിയ പി.വി., റേഡിയേഷന്‍ ജൂനിയര്‍ റെസിഡന്റ് ഡോ. വിഷ്ണു എന്നിവരുടെ മൊഴിയെടുത്തു. 
രോഗി ഉന്നയിച്ച ആരോപണങ്ങളേയും പ്രശ്‌നങ്ങളേയും കുറിച്ചു വിശദമായ ചര്‍ച്ച ചെയ്‌തെന്നും മൊഴികളുടെ വിശകലനത്തിനും ലഭ്യമായ പ്രസക്ത രേഖകളുടെ പരിശോധനയ്ക്കും ശേഷം എത്തിച്ചേര്‍ന്നത് നാല് നിഗമനങ്ങളിലാണ് എന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് ഉപസംഹരിച്ചുകൊണ്ട് പറയുന്നു. 

കമ്മീഷന്റെ നിഗമനങ്ങള്‍ ഇങ്ങനെയാണ്: ഒന്ന്, വകുപ്പുതല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടേയും നയങ്ങളുടേയും അടിസ്ഥാനത്തിലാണ് ഈ സംഭവങ്ങളുടെ ഭാഗമായവരെല്ലാം പ്രവര്‍ത്തിച്ചത്; രോഗിയുടെ ഉത്തമ താല്പര്യത്തിനുവേണ്ടി ഒരു തീര്‍പ്പു കല്പിക്കാന്‍ സ്വന്തം മികവു മുഴുവന്‍ അവര്‍ വിനിയോഗിച്ചു. രണ്ട്, രോഗി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച് മതിയായ പരിരക്ഷയും ജാഗ്രതയും ഉറപ്പു വരുത്തി, രോഗിയുടെ ഭാഗത്തുനിന്നുള്ള സഹകരണത്തോടെ സ്ഥാപനത്തിലെ ശരിയായ സൗകര്യങ്ങള്‍ വിനിയോഗിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. മൂന്നാമത്തേത് നിഗമനമല്ല, ശുപാര്‍ശയാണ്. ഭാവിയില്‍ ഇത്തരം അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ റേഡിയേഷന്‍, ഓങ്കോളജി, സര്‍ജറി, പതോളജി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ മികച്ച ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കണം; കൂടുതല്‍ ജീവനക്കാരേയും നിയമിക്കണം.- റിപ്പോര്‍ട്ടില്‍ പറയുന്നു. 

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഈ ലക്കം സമകാലിക മലയാളം വാരികയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു