കേരളം

കൈലി മുണ്ട് ഉടുത്തിറങ്ങും, നാട്ടില്‍ അലഞ്ഞ് ആക്രി സാധനങ്ങള്‍ പെറുക്കും, പള്ളിയില്‍ കുളിച്ച് വസ്ത്രം മാറി ക്ലാസില്‍ പോവും; സിഐ നവാസ് ദാരിദ്ര്യത്തില്‍നിന്നു കഠിനാധ്വാനത്തില്‍ വളര്‍ന്നുവന്നയാളെന്നു നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍നിന്നു കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിഎസ് നവാസ് ദരിദ്ര ചുറ്റുപാടുകളില്‍നിന്ന് കഠിനാധ്വാനം കൊണ്ട് വളര്‍ന്നുവന്നയാളെന്ന് സഹപ്രവര്‍ത്തകരും നാട്ടുകാരും. ഇല്ലായ്മയില്‍ തുടരുമ്പോഴും വഴിവിട്ടുള്ള ഒരു കാര്യത്തിനും കൂട്ടുനില്‍ക്കാത്തയാളാണ് നവാസെന്നും അവര്‍ പറയുന്നു. 

ആലപ്പുഴയിലെ പാട്ടുകുളങ്ങരയില്‍ ഒരു സാധാരണ കുടുംബത്തില്‍നിന്നു വന്നയാളാണ് നവാസ്. ബിരുദം വരെ നാട്ടില്‍ തന്നെയാണ് പഠിച്ചത്. എറണാകുളത്ത് ബിരുദാനന്തര പഠനത്തിന് എത്തിയപ്പോള്‍ നവാസിന്റെ കഷ്ടപ്പാടും അതിനെ നേരിടുന്ന ഉറച്ച മനസും നേരിട്ടു കണ്ടിട്ടുണ്ടെന്ന് പൊലീസില്‍ സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ രാജേഷ് പറഞ്ഞു. രാവിലെ വീട്ടില്‍നിന്ന് കൈലിമുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇറങ്ങുക. ക്ലാസില്‍ ധരിക്കാനുള്ള നല്ല വസ്ത്രങ്ങള്‍ കവറില്‍ പൊതിഞ്ഞു കൈയില്‍ കരുതും. എറണാകുളത്തേക്കുള്ള വഴിമധ്യേ അരൂര്‍, കുമ്പളം, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ അലഞ്ഞ് ആക്രി സാധനങ്ങള്‍ ശേഖരിക്കും. ഇതെല്ലാം ചാക്കുകളില്‍ നിറച്ച് കല്ല് കയറ്റിയും മറ്റും വരുന്ന ലോറികളില്‍ കയറ്റിവിടും. നാട്ടിലേക്കാണ് ഇത് അയക്കുന്നത്. 

സാധനങ്ങള്‍ അയച്ചതായി പാട്ടുകുളങ്ങരയിലെ കടക്കാരനെ വിളിച്ച് വിവരം പറയും. അതിനു ശേഷം അടുത്തുള്ള പള്ളിയില്‍ കയറി കുളിച്ച് വസ്ത്രം മാറ്റിയാണ് നവാസ് പഠിക്കാന്‍ പോയിരുന്നത്. ഇത് നവാസിനെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് രാജേഷ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ഇത്തരമൊരു കാര്യം കുറച്ചിലായി കാണുന്നയാളല്ല നവാസ്. അതുകൊണ്ടാണ് ഇക്കാര്യം എഴുതിയതെന്ന് രാജേഷ് സമകാലിക മലയാളത്തോടു പറഞ്ഞു. 

എസ്‌ഐ സെലക്ഷന്‍ കിട്ടി ഗസഡറ്റ് റാങ്കില്‍ എത്തിയതിനു ശേഷവും നവാസിന്റെ ജീവിത ശൈലിയില്‍ മാറ്റമൊന്നും വന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എറണാകുളം പോലെ ഒരു നഗരത്തില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് പല വഴികളും തുറന്നുകിട്ടും. ന്യായമായും അന്യായമായും പണം സമ്പാദിക്കാനുള്ള വഴികളൊക്കെ അതിലുണ്ട്. എന്നാല്‍ ഇതിനൊന്നും നില്‍ക്കാതെ അധ്വാനം കൊണ്ടുമാത്രം ജീവിക്കുന്നയാളാണ് നവാസ്. ഈയടുത്ത കാലം വരെ ഒരു ഓള്‍ട്ടോ കാറാണ് നവാസിന് ഉണ്ടായിരുന്നത്. അടുത്തിടെ അതു വിറ്റു- സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ജോലിയിലെ സമ്മര്‍ദം മൂലം തല്‍ക്കാലത്തേക്കു നവാസ് മാറിനില്‍ക്കുന്നതാവാം എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. അന്വേഷണം ഊര്‍ജിതപ്പെടുത്താനായി ഒപ്പുശേഖരണം നടത്തി നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് പാട്ടുകുളങ്ങരയിലെ നാട്ടുകാര്‍. നവാസ് കേരളം വിട്ടിട്ടില്ലെന്നും തെക്കന്‍ ജില്ലകളില്‍ എവിടെയോ ഉണ്ടെന്നുമാണ് അന്വേഷണത്തില്‍ ഇതുവരെ ലഭിച്ച വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍