കേരളം

ജോസഫിന് വഴങ്ങില്ല, നിശ്ചയിച്ച യോഗത്തില്‍ മാറ്റമില്ലെന്ന് ജോസ് കെ മാണി 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍. കോട്ടയത്ത് വിളിച്ച സംസ്ഥാന കമ്മിറ്റി യോഗം നിയമവിരുദ്ധമാണെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞതിന് പിന്നാലെ നിശ്ചയിച്ച യോഗത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തുവന്നു. എല്ലാവരെയും അറിയിച്ച ശേഷമാണ് യോഗം വിളിച്ചുകൂട്ടിയത്. പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായാണ് യോഗം ചേരുന്നതെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഭരണഘടനാപരമായും വ്യവസ്ഥാപിതവുമായ യോഗമാണ് വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും അറിയിച്ച് ചേരുന്ന യോഗം എങ്ങനെ സമാന്തരമാകുമെന്നും ജോസ് കെ മാണി ചോദിച്ചു. സമവായ ചര്‍ച്ചകളെല്ലാം പാളിയ സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി ഉള്‍പ്പെടെയുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പിജെ ജോസഫ് ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. നാനൂറോളം അംഗങ്ങളുള്ള സംസ്ഥാന കമ്മറ്റിയിലെ മൂന്നൂറോളം അംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ജോസ് കെ മാണി പക്ഷം അവകാശപ്പെടുന്നത്. 

കെഎം മാണി അന്തരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താന്‍ സംസ്ഥാന കമ്മറ്റി ചേര്‍ന്ന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം പിജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. വര്‍ക്കിങ് ചെയര്‍മാന്‍, ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടാണ് ജോസഫ് പക്ഷം സ്വീകരിച്ചു പോന്നത്. ഇത് ഇരുപക്ഷങ്ങളും തമ്മിലുള്ള അധികാര വടംവലിയിലേക്ക് നീങ്ങുകയായിരുന്നു. 

സംസ്ഥാന കമ്മറ്റി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സമിതിയിലെ 127അംഗങ്ങള്‍ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം ജോസഫിന് നല്‍കിയിരുന്നു.എന്നാല്‍ ഇതിനു ജോസഫ് തയ്യാറായില്ല. ഇതിനു പിന്നാലെയാണ് ജോസ് കെ മാണി വിഭാഗം സംസ്ഥാന കമ്മറ്റി വിളിച്ചിരിക്കുന്നത്.

ഇന്നത്തെ യോഗം ചേരലിനെ വിമത പ്രവര്‍ത്തനമായി കണക്കാക്കാനാകില്ല. യോഗത്തില്‍ പുതിയ ചെയര്‍മാനെ കണ്ടെത്തും. പി ജെ ജോസഫിനു വേണമെങ്കില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാം. വോട്ടെടുപ്പില്‍ വിജയിക്കുന്ന ആള്‍ പുതിയ ചെയര്‍മാന്‍ എന്ന ഫോര്‍മുലയാണ് ജോസ് കെ മാണി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാന കമ്മറ്റിയില്‍ ജോസ് കെ മാണി വിഭാഗത്തിനാണ് ഭൂരിപക്ഷം. ഇതു കണക്കാക്കിയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം. എന്നാല്‍ ഇതിനെ വിമത നീക്കമായാണ് പി ജെ ജോസഫ് കണക്കാക്കുന്നത്. അതുകൊണ്ട് ഇതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ജോസഫിന്റെ നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍