കേരളം

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു; രേഖകള്‍ വിളിച്ചുവരുത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ആന്തൂര്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. നഗരസഭയുടെ നടപടിയിലെ നിയമപരമായ രേഖകള്‍ എല്ലാം കോടതി പരിശോധിക്കും. കേസ് കോടതി ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് സൂചന.

വ്യവസായ സംരംഭത്തിന് അനുമതി നല്‍കാതെ, ആന്തൂര്‍ നഗരസഭ കളിപ്പിക്കുന്നതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. സാജന്റെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി തേടി സാജന്‍ 20 ലേറെ തവണ നഗരസഭയില്‍ കയറിയിറങ്ങിയെന്നും, നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥരും അനുമതി നിഷേധിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ രേഖകള്‍ പരിശോധിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നാല് നഗരസഭ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥരെ മാത്രമല്ല, നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെയും നടപടി വേണമെന്നാണ് സാജന്റെ കുടുംബത്തിന്റെ ആവശ്യം.  

നഗരസഭ ഉദ്യോഗസ്ഥര്‍ക്കൊപ്പം അധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും സാജന്റെ കുടുംബം ഉടന്‍ പരാതി നല്‍കും.

സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയാണ് നഗരസഭ അധ്യക്ഷ പി കെ ശ്യാമള. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമാണ്. താന്‍ ഈ കസേരയില്‍ ഇരിക്കുമ്പോള്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ലെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞുവെന്ന് സാജന്റെ ഭാര്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്