കേരളം

ആഗസ്റ്റ് ഒന്നുമുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറി അക്കൗണ്ടില്‍; ബാങ്കിലേക്ക് മാറ്റണമെങ്കില്‍ എഴുതി നല്‍കണമെന്ന് ധനവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഗസ്റ്റ് 1 മുതല്‍ വിതരണം ചെയ്യുന്ന ശമ്പളം ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുമെന്ന് ധനവകുപ്പ്.  ഇത് ബാങ്കിലേക്ക് മാറ്റണമെന്നുള്ളവര്‍ അടുത്ത മാസം 15നു മുമ്പ് സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാരെ (ഡിഡിഒ) രേഖാമൂലം അറിയിക്കണമെന്ന് നിര്‍ദേശിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ട്രഷറി വഴി വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ മാസത്തില്‍ തന്നെ ഇതിനുള്ള നടപടിക്രമങ്ങളെല്ലാം സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. 

ജീവനക്കാരുടെ പേരില്‍ ട്രഷറികളില്‍ ആരംഭിച്ചു കഴിഞ്ഞ ഇടിഎസ്ബി അക്കൗണ്ടിലാണ് ഓഗസ്റ്റ് 1 മുതല്‍ ശമ്പളമെത്തുക. ജൂലൈ ഒന്നിന് വിതരണം ചെയ്തു തുടങ്ങുന്ന ജൂണ്‍ മാസത്തെ ശമ്പളം ആദ്യം ഇടിഎസ്ബി അക്കൗണ്ടിലേക്കും തുടര്‍ന്നു നിലവില്‍ ശമ്പളമെത്തുന്ന ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി നല്‍കും. 

എന്നാല്‍, ഓഗസ്റ്റ് 1 മുതല്‍ ബാങ്ക് അക്കൗണ്ടിലേക്കോ മറ്റ് ട്രഷറി അക്കൗണ്ടുകളിലേക്കോ ശമ്പളം മാറ്റണമെങ്കില്‍ ജീവനക്കാരന്‍ ജൂലൈ 15ന് മുന്‍പ് ഡിഡിഒയെ അറിയിക്കണം. ഇതിനുള്ള ഫോം ട്രഷറി വെബ്‌സൈറ്റിലും ട്രഷറി ശാഖകളിലും ലഭിക്കും. 

ശമ്പളം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റണമെങ്കില്‍ ജൂലൈ 25ന് മുന്‍പ് ബില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ബിംസ്) ഡിഡിഒമാര്‍ രേഖപ്പെടുത്തണം. ഇതിന് ശേഷമേ ജൂലൈ മാസത്തെ ശമ്പള ബില്‍ ഡിഡിഒമാര്‍ തയ്യാറാക്കാവൂ. ജീവനക്കാരന്‍ ആവശ്യപ്പെടുന്നതനുസരിച്ച് ശമ്പളത്തില്‍ നിന്നു നിശ്ചിത തുക മാത്രമായും ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം. 

ഇടിഎസ്ബി അക്കൗണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, പാസ്ബുക്ക്, ചെക്ക്ബുക്ക് എന്നിവ ലഭിക്കാന്‍ ജീവനക്കാര്‍ ഡിഡിഒമാര്‍ക്ക് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) സമര്‍പ്പിക്കണം. ട്രഷറിയില്‍ നിന്നോ ട്രഷറി വെബ്‌സൈറ്റില്‍ നിന്നോ കെവൈസി ഫോം ശേഖരിക്കാം. 

ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ തന്നെ ട്രഷറിയില്‍ നല്‍കണം. കെവൈസിയിലും ഈ നമ്പര്‍ രേഖപ്പെടുത്തണം. ശമ്പളം കൈപ്പറ്റുന്ന രീതിയില്‍ എപ്പോള്‍ വേണമെങ്കിലും ജീവനക്കാരന് മാറ്റങ്ങള്‍ വരുത്താം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു