കേരളം

'എന്നെക്കുറിച്ച് ഒരാളും മോശം പറഞ്ഞിട്ടില്ല' ; രാജ്യത്തെ ഏക എംപിയെ ഒഴിവാക്കുമ്പോള്‍ ഉയരാവുന്ന ചോദ്യങ്ങളെക്കുറിച്ച് പാര്‍ട്ടി ചിന്തിച്ചില്ലെന്ന് സിഎന്‍ ജയദേവന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഐയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി സിറ്റിങ് എംപി സിഎന്‍ ജയദേവന്‍. എംപി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ആരും മോശം പറഞ്ഞിട്ടില്ലെന്നും ഏക സിറ്റിങ് എംപിയായ തന്നെ ഒഴിവാക്കുന്നതിലൂടെ ഉയര്‍ന്നുവരാവുന്ന ചോദ്യങ്ങളെക്കുറിച്ച് നേതൃത്വം ചിന്തിച്ചില്ലെന്നും ജയദേവന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

രാജ്യത്ത് പാര്‍ട്ടിയുടെ ഏക ലോക്‌സഭാംഗമായ തന്നെ ഒഴിവാക്കുമ്പോള്‍ ഉയര്‍ന്നുവരാവുന്ന ചോദ്യങ്ങളെക്കുറിച്ച് നേതൃത്വം ആലോചിക്കേണ്ടതായിരുന്നു. എം.പി.യെന്ന നിലയില്‍ മികച്ചപ്രവര്‍ത്തനമാണ് നടത്തിയതെന്നാണ് വിലയിരുത്തുന്നത്. മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയിലും മറിച്ചൊരു അഭിപ്രായമുണ്ടെന്നു കരുതുന്നില്ല. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ ജില്ലാകൗണ്‍സില്‍ തീരുമാനിച്ചത്- ജയദേവന്‍ പറഞ്ഞു.

എം.എല്‍.എ.മാരെ സ്ഥാനാര്‍ഥികളാക്കാനുള്ള തീരുമാനത്തോട് വ്യക്തിപരമായ വിയോജിപ്പുണ്ട്. വനിതാപ്രാതിനിധ്യം വേണമെന്നാണ് അഭിപ്രായമെന്നും ജയദേവന്‍ പറഞ്ഞു. എന്നാല്‍ 
സ്ഥാനാര്‍ഥിപ്പട്ടികയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. സംസ്ഥാന നിര്‍വാഹകസമിതിയും കൗണ്‍സിലും എടുത്ത തീരുമാനങ്ങള്‍ ദേശീയ എക്‌സിക്യുട്ടീവും ദേശീയകൗണ്‍സിലും അംഗീകരിക്കുകയെന്നതാണ് നടപടിക്രമം. 

തൃശൂരില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് രാജാജി മാത്യു തോമസ്. താന്‍ മാറിനില്‍ക്കണമെന്ന അഭിപ്രായം വന്നപ്പോള്‍ മുന്നോട്ടുവെച്ച നിര്‍ദേശം രാജാജിയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു. കെപി രാജേന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഒരുഘട്ടത്തിലും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ജയദേവന്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി