കേരളം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പുകളിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കേരളത്തിലെ ആനകളിലെ പ്രമുഖനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പുകളിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവ്. ആനയ്ക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്നും എഴുന്നള്ളിപ്പിനുള്ള ശാരീരിക ശേഷിയില്ലെന്നും കാണിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്. ഉത്സവ എഴുന്നള്ളിപ്പുകൾ അടക്കമുള്ള പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. 

ഫെബ്രുവരി എട്ടിന് ​ഗുരുവായൂരിൽ ​ഗ‌ൃഹ പ്രവേശത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പടക്കം പൊട്ടിയതിനെ തുടർന്ന് ഇടഞ്ഞോടിയത് രണ്ട് പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഈ സംഭവത്തിലുള്ള പരാതിയിലെ അന്വേഷണമാണ് എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കുന്നതിന് കാരണമായത്. 

​ഗുരുവായൂരിൽ കോട്ടപ്പടിയിലെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കുന്നതിന് മുൻപ് ആനയെ വെറ്ററിനറി സർജൻ പരിശോധിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ​ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സാണ് ചീഫ് സെക്രട്ടറിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി അയച്ചത്. ഇതിനെത്തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയോ​ഗിച്ച അഞ്ചം​ഗ സമിതിയുടെ പരിശോധനാ റിപ്പോർട്ടിലാണ് ആനയുടെ ആരോ​ഗ്യാവസ്ഥ മോശമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വിദ​ഗ്ധ സംഘത്തിന്റെ റിപ്പോർട്ട് അടക്കമാണ് കലക്ടർക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് അയച്ചത്. 

തലയെടുപ്പിലും ചന്തത്തിലും ഉയരത്തിലും കേരളത്തിലെ ആനകളിൽ മുൻനിരയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. തൃശൂർ പൂരത്തിന് നാന്ദിക്കുറിച്ച് തെക്കേ ​ഗോപുര നട തുറക്കുന്ന ചടങ്ങ് നടത്തിയിരുന്നത് ഏതാനും വർഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. 2015ൽ ചോറിൽ ബ്ലേഡ് കഷ്ണങ്ങളാക്കിയിട്ട് ആനയെ അപായപ്പെടുത്താൻ ശ്രമിച്ച കേസ് എങ്ങുമെത്താതെ കിടക്കുകയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു