ആലപ്പുഴ : ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിക്കാനെത്തിയാൽ ബിജെപിക്ക് സീറ്റ് വിട്ടുകൊടുക്കാൻ തടസമില്ലെന്ന് ബിഡിജെഎസ്. സീറ്റ് വെച്ചുമാറാൻ പാർട്ടി തയ്യാറാണെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സീറ്റുകൾ വച്ചുമാറുന്നതു സംബന്ധിച്ച് ആലോചനകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ ബിഡിജെഎസിന്റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മൂന്നു സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. ആലത്തൂർ, ഇടുക്കി, മാവേലിക്കര സീറ്റുകളിലെ സ്ഥാനാർഥികളെ രാവിലെ 10 ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
എന്നാൽ വയനാട്, തൃശൂർ സീറ്റുകളുടെ കാര്യത്തിൽ പ്രഖ്യാപനം ഇന്നുണ്ടാകില്ല. രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മൽസരിച്ചേക്കുമെന്ന അഭ്യൂഹമാണ് ഈ സീറ്റുകളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടിവെക്കാൻ കാരണമെന്നാണ് സൂചന.
.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ