കേരളം

തോമസ് ഐസക്കിന് ഇംഗ്ലിഷ് വായിച്ചാല്‍ മനസ്സിലാവില്ലെ? ദേശീയപാത വികസന വിവാദത്തില്‍ മറുപടിയുമായി ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്തെ ദേശീയ പാതാ വികസനം സ്തംഭിപ്പിക്കാന്‍ താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു കത്തയച്ചെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിനു മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ദേശീയപാതയ്ക്കു സ്ഥലമെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു തനിക്കു ലഭിച്ച നിവേദനം കവറിങ് ലെറ്ററോടെ മന്ത്രിക്കു കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇതിനെ വളച്ചൊടിച്ചു പ്രചരിപ്പിക്കുകയാണ് തോമസ് ഐസക് ചെയ്യുന്നതെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൂത്തകുന്നത്തു നിന്നുള്ള ഒരു സംഘമാണ് തനിക്കു നിവേദനം നല്‍കിയത്. 1972ല്‍ അവരുടെ പക്കില്‍നിന്ന് ഏറ്റെടുത്ത ഭൂമിക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ആ ഭൂമിയാണെങ്കില്‍ ഇപ്പോഴും വിനിയോഗിക്കാതെ കിടക്കുകയാണ്. എന്നിട്ടും വീണ്ടും പതിനഞ്ചു മീറ്റര്‍ കൂടി ഏറ്റെടുക്കാനാണ് നീക്കം നടക്കുന്നത്. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയുള്ളവരാണ് തനിക്കു നിവേദനം തന്നത്. അതു ഫോര്‍വേഡ് ചെയ്യുക എന്ന, പൊതുവേ പിന്തുടരുന്ന നടപടിക്രമം പിന്തുടരുകയാണ് താന്‍ ചെയ്തത്- ശ്രീധരന്‍ പിള്ള പറഞ്ഞു. 

ഈ നിവേദനവും അതിനൊപ്പമുള്ള കത്തും ആര്‍ക്കും വായിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. പിഎച്ച്ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ലെന്നാണ് ഇപ്പോള്‍ തനിക്കു തോന്നുന്നത്. കാര്യങ്ങള്‍ മനസിലാക്കാതെ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് സിപിഎം ചെയ്യുന്നത്. ആറ്റിങ്ങല്‍ പ്രസംഗത്തിലും സമാനമായ വ്യക്തിഹത്യയാണ് നടന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെയാണ് സിപിഎമ്മിന് തന്നോടുള്ള സമീപനം. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തോല്‍വിയുടെ വക്കിലാണ് അവര്‍. നിവേദനം ലഭിച്ചാല്‍ അതു ബന്ധപ്പെട്ടവര്‍ക്ക് എത്തിക്കുക എന്നത് പൊതുവെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതാണ്. ദന്തഗോപുരത്തില്‍ കഴിയുന്ന സിപിഎം മന്ത്രിമാരുടെ രീതിയല്ല ഇക്കാര്യത്തില്‍ ബിജെപിക്കെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്