കേരളം

'മകന്‍ മരിച്ചാലും വേണ്ടില്ല; മരുമകളുടെ കണ്ണുനീര്‍ കാണണം'; ദേശീയ പാത വികസനത്തില്‍ ശ്രീധരന്‍പിളളയെ വിമര്‍ശിച്ച് പി വി അന്‍വര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിന് പിന്നാലെ അഡ്വ പി എസ് ശ്രീധരന്‍പിളളയ്‌ക്കെതിരെ പി വി അന്‍വര്‍ എംഎല്‍എയും രംഗത്ത്. 'കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം പോലും രാഷ്ട്രീയ ആയുധമാക്കി കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന് വിലയിട്ട കേന്ദ്ര സര്‍ക്കാരും ബിജെപിയും ഈ നാട്ടിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയേണ്ടി വരും.ദേശീയപാത വികസനത്തിന് തുരങ്കം വച്ച ഇവര്‍ നമ്മുടെ നാടിനെ പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നത്.'- പി വി അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തെ ദേശീയപാതാ വികസനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ടുകൊണ്ടായിരുന്നു ധനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച ശ്രീധരന്‍ പിള്ളയെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്‌നത്തെ ചുരുക്കാനാവില്ല. ഈ നാടിന്റെ ഭാവിവികസനത്തെ പിന്‍വാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവര്‍ത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണമെന്നും ഐസക്ക് ഓര്‍മ്മിപ്പിച്ചു.

പി വി അന്‍വറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

'മകന്‍ മരിച്ചാലും വേണ്ടില്ല;മരുമകളുടെ കണ്ണുനീര്‍ കാണണം'എന്ന ലൈനാണ് ശ്രീ.ശ്രീധരന്‍ പിള്ളയുടേത്.കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം പോലും രാഷ്ട്രീയ ആയുധമാക്കി കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന് വിലയിട്ട കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ഈ നാട്ടിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയേണ്ടി വരും.ദേശീയപാത വികസനത്തിന് തുരങ്കം വച്ച ഇവര്‍ നമ്മുടെ നാടിനെ പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നത്.സൂര്യന് കീഴിലുള്ള എന്തിനേയും,ആരേയും വിമര്‍ശ്ശിക്കുന്ന പൊളിറ്റിക്കല്‍ കറക്ട്‌നസ്സിന്റെ വ്യക്താക്കളും,ഇലക്ഷന്‍ കാലത്ത് ബി.ജെ.പിയില്‍ നിന്ന് ലഭിച്ച വമ്പിച്ച സഹായത്തിന്റെ കടപ്പാട് മാറ്റി വച്ച്,പൊതുജന താല്‍പര്യാര്‍ത്ഥം ഇവര്‍ക്കെതിരെ പ്രതികരിക്കും എന്ന് തന്നെ നമ്മള്‍ക്ക് പ്രത്യാശിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി