കേരളം

തൃശൂര്‍ പൂരത്തിലെ 'ആന പ്രതിസന്ധി' : ആന ഉടമകളുമായി ഇന്ന് ചര്‍ച്ച 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തൃശൂര്‍ പൂരത്തിലെ ആനയെഴുന്നള്ളിപ്പ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍  ഇന്ന് ആന ഉടമകളുടെ സംഘടനയുമായി ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് ദേവസ്വം മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. 

വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിക്കാനാണ് സാധ്യത. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. 

തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ലെന്നാണ് ഉടമകളുടെ നിലപാട്. മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനകളെ പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കി. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞു. ഈ തീരുമാനം ഇന്നത്തെ ചര്‍ച്ചയില്‍ വിഷയമായേക്കും. അതിനിടെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ പൂരത്തിന്റെ മുഖ്യ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി. 

തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളിലായി 90 ആനകളാണ് തൃശൂര്‍ പൂരത്തിന് ആവശ്യമുള്ളത്. ആനകളെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങള്‍ക്കുമായി ഏഴ് ആനകളെ വീതം വിട്ടുനല്‍കാമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്