കേരളം

മുഖ്യമന്ത്രി ലണ്ടനില്‍ പോയത് ലാവലിനെ മണിയടിക്കാന്‍ ; തെളിവുകള്‍ മറ്റന്നാള്‍ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാലബോണ്ട് വില്‍പ്പന ലാവലിന്‍ കമ്പനിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മസാല ബോണ്ട് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരിക്കും. സംസ്ഥാനം ഇപ്പോള്‍ തന്നെ കടക്കെണിയിലാണ്. വലിയ സാമ്പത്തികഭാരം താങ്ങാനുള്ള ശേഷി സംസ്ഥാന ഖജനാവിനില്ലെന്നും ചെന്നിത്തല പറഞ്ഞു. 

2150 കോടി രൂപയുടെ മസാല ബോണ്ട് വില്‍ക്കുന്നതോടു കൂടി സംസ്ഥാനം സമ്പൂര്‍ണമായ കടക്കെണിയില്‍ എത്തിച്ചേരും. ലാവലിന്‍ കമ്പനിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. ലാവലിന്‍ കമ്പനിയോട് മുഖ്യമന്ത്രിയുടെ സ്‌നേഹം ഇപ്പോഴും തുടരുകയാണ്. ലാവലിന്‍ കമ്പനിക്ക് മണിയടിക്കാന്‍ വേണ്ടിയാണ് ലണ്ടനില്‍ മുഖ്യമന്ത്രി പോയിരിക്കുന്നത്. വിശദാംശങ്ങള്‍, കൂടുതല്‍ രേഖകള്‍ തുടങ്ങിയവ മറ്റന്നാള്‍ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

പ്രളയാനന്തര കേരളത്തില്‍ യാതൊരു കാര്യവും നടക്കുന്നില്ല. 6200 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ട് 4000 കോടി ഇതുവരെ ചെലവഴിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ഗള്‍ഫ് പര്യടനത്തില്‍ എത്രരൂപ ലഭിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഗള്‍ഫ് സന്ദര്‍ശനത്തില്‍ നിരവധി സാഹായവാഗ്ദാനങ്ങള്‍ ലഭിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊട്ടിഘോഷിക്കപ്പെട്ട ഗള്‍ഫ് പര്യടനത്തില്‍ നിന്ന് എത്ര കോടി രൂപ കിട്ടിയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. പ്രളയദുരന്തം കാണാന്‍ മുഖ്യമന്ത്രി നെതര്‍ലാന്‍ഡില്‍ പോകേണ്ട കാര്യമില്ലായിരുന്നു, ഒഡീഷയില്‍ പോയാല്‍ മതിയായിരുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു. 

കുന്നത്തുനാട്ടിലെ 15 ഏക്കര്‍ ഭൂമി നിലം നികത്തിയത് എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടു നടത്തിയ കുംഭകോണമാണ്. ആരാണ് ഈ വ്യവസായി. ആര്‍ക്കുവേണ്ടിയാണ് ഇത് ചെയ്തത്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഇത് വ്യക്തമാക്കണം. ഈ ഉത്തരവ് റദ്ദാക്കുകയും നിഷ്പക്ഷ അന്വേഷണം നടത്തുകയും വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. 

കഴിഞ്ഞ നിയമസഭയില്‍ പാസ്സാക്കിയ നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍പ്പോലും പറയുന്നത് നികത്തുന്നത് പൊതുതാല്‍പ്പര്യത്തിന് അനുസരിച്ചാകണം, പൊതു ആവശ്യത്തിന് വേണ്ടിയാകണം എന്നാണ്. 15 ഏക്കര്‍ ഭൂമി കുന്നത്തുനാട്ടില്‍ നികത്തിയത് ഏത് പൊതുതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഏത് വിവാദ വ്യവസായിയെ സഹായിക്കാനാണ്. റവന്യൂമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടതായും രമേശ് ചെന്നിത്തല ആരോപിച്ചു. ഇതുസംബന്ധിച്ച സമഗ്ര അന്വേഷണം വേണം. നിലം നികത്തലില്‍ റവന്യൂമന്ത്രി നോക്കുകുത്തിയാണെന്നും ചെന്നിത്തല പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി