കേരളം

''എന്റെ ശൈലി എന്റെ ശൈലി തന്നെ, അത് അങ്ങനെ തന്നെ തുടരും'' ; ജനവിധി സര്‍ക്കാരിനു തിരിച്ചടിയല്ല, ശബരിമല ബാധിച്ചില്ലെന്നും പിണറായി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായതെന്നും എന്നാല്‍ ഇതു സ്ഥായിയാണെന്നു കരുതേണ്ടെന്നും പിണറായി മാധ്യമങ്ങളോടു പറഞ്ഞു. 

''തെരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയായി കാണുന്നില്ല. ജനങ്ങളും അങ്ങനെ കാണുന്നില്ല. ഇത്തരം തെരഞ്ഞെടുപ്പു ഫലമെല്ലാം ഉണ്ടാവുമ്പോള്‍ സാധാരണ വരുന്ന ആവശ്യമാണ് മുഖ്യമന്ത്രി രാജിവയ്ക്കുകയെന്നത്. അതില്‍ കാര്യമില്ല. സര്‍ക്കാരിന്റെ ബഹുജന പിന്തുണയില്‍ ഒരു കുറവും വന്നിട്ടില്ല. അതു തെളിയിക്കേണ്ട സയമത്ത് കേരളം തെളിയിക്കും'' - മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ബിജെപിക്കായിരുന്നു ഗുണം കിട്ടേണ്ടിയിരുന്നത്. ശബരിമല പ്രശ്‌നം ഉയര്‍ത്തിയ പത്തനംതിട്ടയില്‍ അവരുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയി. എന്നാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തു സംഭവിച്ചുവെന്ന് പരിശോധിക്കും- മുഖ്യമന്ത്രി വിശദീകരിച്ചു. 

ജനവിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന ആവശ്യം ഉയരുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ പിണറായിയുടെ മറുപടി ഇങ്ങനെ: ''എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും. അത് അങ്ങനെ തന്നെ തുടരും.''  താന്‍ ഇവിടെ വരെയെത്തിയത് ഇതേ ശൈലി വച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തിരിച്ചടിയുണ്ടാക്കിയെന്ന വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍  ധാര്‍ഷ്ട്യം ആര്‍ക്കാണെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നായിരുന്നു മറുപടി. 

മോദി ഭരണം വീണ്ടും വരരുത് എന്നാഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. അവരില്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്തുവന്നിരുന്നവരുമുണ്ട്. ദേശീയ തലത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനാണ് കഴിയുക എന്ന ചിന്തയില്‍ അവര്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണത്തിനു നേതൃത്വം നല്‍കുമെന്ന ചിന്ത ജനങ്ങള്‍ക്കുണ്ടായി. ലോക്‌സഭയിലേക്കാണ് മത്സരം. ഞങ്ങളല്ല, കോണ്‍ഗ്രസാണ് ഇവിടെ ജയിക്കേണ്ടതെന്ന് ജനങ്ങള്‍ ചിന്തിച്ചു. സീറ്റിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ ബിജെപിയെ പിന്നിലാക്കാന്‍ കോണ്‍ഗ്രസിനായില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവരെ ക്ഷണിക്കുമെന്ന പ്രചാരണം നടന്നു. അതും വോട്ടിനെ സ്വാധീനിച്ച ഘടകമായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം വന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചത് ആരോട് മത്സരിക്കാനാണ് വരുന്നത് എന്നാണ്. ബിജെപിയെ എതിരിടേണ്ട രാഹുല്‍ ഇടതുപക്ഷത്തിനെതിരെ എന്തിനു മത്സരിക്കുന്നു എന്നാണ് ചോദിച്ചത്. ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി, ജയിക്കാനുള്ള സീറ്റു തേടിയാണ് രാഹുല്‍ ഇങ്ങോട്ടു വന്നതെന്ന്. ഇതു നേരത്തെ വ്യ്ക്തമായ കാര്യമാണ്. ബിജപിക്കു മുന്‍തൂക്കം നല്‍കുമെന്നതിനാല്‍ ഇടതുപക്ഷം അതു നേരത്തെ പറഞ്ഞില്ലന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് സിപിഎമ്മന്റെ പ്രാഥമിക വിലയിരുത്തല്‍ ഇതാണ്. ഇതിന്റ കൂടെ മറ്റെന്തൊക്കെ ഘടകങ്ങളുണ്ടെന്ന് വിശദമായിത്തന്നെ പരിശോധിക്കും. എന്‍എസ്എസ് സമദൂര സിദ്ധാന്തം എന്നാണ് പറഞ്ഞത്. അത് അങ്ങനെ തന്നെ പാലിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്