കേരളം

കുമ്മനത്തെ ഇറക്കിയത് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ വിശ്വസിച്ച്; മന്ത്രിസ്ഥാനമൊരുക്കി കാത്തിരുന്നു,നിരാശനായി അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : എന്‍ഡിഎയ്ക്ക് കേരളത്തിലേറ്റ കനത്ത തിരിച്ചടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് അന്വേഷിക്കും. രാജ്യത്താകെ വീശിയടിച്ച ബിജെപി തരംഗത്തിലും ഒരുസീറ്റുപോലും നേടാനാകാതെ കനത്ത മാനക്കേടാണ് സംസ്ഥാന നേതൃത്വം ഉണ്ടാക്കിയത് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശബരിമല വിഷയം കത്തിച്ചിട്ടും കുമ്മനത്തെയും സുരേന്ദ്രനെയും വിജയിപ്പിക്കാന്‍ കഴിയാത്തതില്‍ അമിത് ഷായ്ക്ക് രൂക്ഷമായ അതൃപ്തിയുണ്ട്. 

അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്നതിന് ഒഴിവുകഴിവുകള്‍ കേള്‍ക്കാന്‍ ഷാ തയാറല്ല. മോദിപ്രഭാവം അവഗണിച്ച് പ്രചാരണത്തില്‍ ശബരിമല വിഷയത്തിനു മാത്രം പ്രാധാന്യം നല്‍കിയതിനു സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടിവരും. സ്വകാര്യ ഏജന്‍സിയെക്കൊണ്ട് വിശദമായ പഠനവും സര്‍വേയും നടത്തിയതിനു ശേഷമാണു മിസോറം ഗവര്‍ണര്‍ പദവി രാജിവയ്പിച്ച് കുമ്മനം രാജശേഖരനെ അമിത് ഷാ തിരുവനന്തപുരത്തേക്കയച്ചത്. 

വിജയിച്ചുവരുന്ന കുമ്മനത്തിന്റെ മന്ത്രിസഭാ പ്രവേശനം സംസ്ഥാനത്തു ബിജെപിയുടെ വളര്‍ച്ചയ്ക്ക് ചവിട്ടുപടിയാക്കാനും ലക്ഷ്യമിട്ടു. തിരുവനന്തപുരം സീറ്റ് മോഹിച്ച സംസ്ഥാന അധ്യക്ഷന്‍ പിഎസ്. ശ്രീധരന്‍ പിള്ളയെ തള്ളി കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കിയതില്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ടായ അതൃപ്തി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു. ശശി തരൂരിനോട് ഒരു ലക്ഷത്തോളം വോട്ടിനു പരാജയപ്പെട്ട കുമ്മനം വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പിന്നിലായതിനു ജില്ലാ നേതൃത്വവും മറുപടി നല്‍കേണ്ടിവരും. കഴക്കൂട്ടത്തും കോവളത്തും പാറശാലയിലും നെയ്യാറ്റിന്‍കരയിലും നേമത്തും മറ്റും പ്രതീക്ഷിച്ച വോട്ട് കിട്ടാതെപോയതു ചില സംസ്ഥാന നേതാക്കളെയും പ്രതിക്കൂട്ടിലാക്കും. 

തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം, സംസ്ഥാനത്ത് 20 ശതമാനം വോട്ട്, പത്തു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം എന്നിങ്ങനെയായിരുന്നു അമിത് ഷായ്ക്കു കിട്ടിയ റിപ്പോര്‍ട്ട്. ചില ജില്ലാ, സംസ്ഥാന നേതാക്കള്‍ കെ സുരേന്ദ്രനെതിരേ രംഗത്തുവന്നതു ഗൗരവമായെടുക്കും. ശക്തമായ വേരോട്ടമുള്ള അടൂരിലും കോന്നിയിലും ആറന്മുളയിലും ഒന്നാം സ്ഥാനം ലഭിക്കാതെ പോയതും അന്വേഷിക്കും. 

തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും മികച്ച പ്രകടനം കാഴ്ചവച്ചതും സംസ്ഥാനത്തു പൊതുവേ വോട്ട് വര്‍ധിച്ചതും മാത്രമാണ് നേട്ടത്തിന്റെ പട്ടികയില്‍ പെടുത്താവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്