കേരളം

വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയത് യുഎപിഎ 20, 38, 39 വകുപ്പുകള്‍; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖ സൂക്ഷിച്ചതിന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങള്‍. യുഎപിഎ 20, 38, 39 വകുപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിരോധിക സംഘടനകളില്‍ അംഗമായി, ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ പതിനാല് ദിവസത്തേക്ക് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. 

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലന്‍ ഷുഹൈബ് സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇവര്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നും, ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യുഎപിഎ ചുമത്താന്‍ തെളിവുകളുണ്ടെന്നാണ് ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞത്. നിരോധിക സംഘടനകളില്‍ അംഗമായി, ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തുടരന്വേഷണം നടത്തുമെന്നും ഐജി പറഞ്ഞു.

കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയതെന്ന് മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റിലായ അലന്‍ ശുഹൈബും താഹ ഫസലും നേരത്തെ പറഞ്ഞിരുന്നു. തങ്ങള്‍ക്കെതിരായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി കൊണ്ടുപോകുംവഴിയാണ് ഇവര്‍ ഇത് പറഞ്ഞത്.

'ഞങ്ങളുടെ അടുത്തുനിന്ന് ലഘുലേഖ കിട്ടിയിട്ടില്ല. സിഗരറ്റ് വലിക്കുന്നതിനിടെ ഒരാളില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഭരണകൂട ഭീകരത തന്നെയാണ്' ഇതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കിയിരുന്നു. തന്റെ മകന്‍ അലന്‍ ഷുഹൈബിന് യാതൊരു മാവോയിസ്റ്റ ബന്ധവും ഇല്ലെന്ന് മാതാവ് സബിത മഠത്തില്‍ പറഞ്ഞു. ആരോ നല്‍കിയ ലഘുലേഖ കൈയില്‍ വയ്ക്കുക മാത്രമാണ് അലന്‍ ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് ധരിപ്പിച്ചു. അന്വേഷിച്ച വേണ്ട നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും അവര്‍ പറഞ്ഞു.

സിപിഎം പ്രവര്‍ത്തതകര്‍ക്ക് എതിരെ യുഎപിഎ ചുമത്തിയത് വലിയ വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഇവരെ ഐജി വിശദമായി ചോദ്യം ചെയ്തു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് യുഎപിഎ ചുമത്താന്‍ പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്