കേരളം

സിപിഎമ്മും സര്‍ക്കാരും യുഎപിഎയ്ക്ക് എതിര്; ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല: എംഎ ബേബി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. യുഎപിഎ ഒരു കരിനിയമമാണ് എന്നതില്‍ സിപിഎമ്മിനോ കേരള സര്‍ക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. 

കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയതെന്ന് മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റിലായ അലന്‍ ശുഹൈബും താഹ ഫസലും നേരത്തെ പറഞ്ഞിരുന്നു. തങ്ങള്‍ക്കെതിരായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി കൊണ്ടുപോകുംവഴിയാണ് ഇവര്‍ ഇത് പറഞ്ഞത്.

'ഞങ്ങളുടെ അടുത്തുനിന്ന് ലഘുലേഖ കിട്ടിയിട്ടില്ല. സിഗരറ്റ് വലിക്കുന്നതിനിടെ ഒരാളില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഭരണകൂട ഭീകരത തന്നെയാണ്' ഇതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യുഎപിഎ ചുമത്താന്‍ തെളിവുകളുണ്ടെന്നാണ് ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞത്. നിരോധിക സംഘടനകളില്‍ അംഗമായി, ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തുടരന്വേഷണം നടത്തുമെന്നും ഐജി പറഞ്ഞു.

സിപിഎം പ്രവര്‍ത്തതകര്‍ക്ക് എതിരെ യുഎപിഎ ചുമത്തിയത് വലിയ വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഇവരെ ഐജി വിശദമായി ചോദ്യം ചെയ്തു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് യുഎപിഎ ചുമത്താന്‍ പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കിയിരിക്കുന്നത്.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലന്‍ ഷുഹൈബ് സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇവര്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നും, ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കിയിരുന്നു. തന്റെ മകന്‍ അലന്‍ ഷുഹൈബിന് യാതൊരു മാവോയിസ്റ്റ ബന്ധവും ഇല്ലെന്ന് മാതാവ് സബിത മഠത്തില്‍ പറഞ്ഞു. ആരോ നല്‍കിയ ലഘുലേഖ കൈയില്‍ വയ്ക്കുക മാത്രമാണ് അലന്‍ ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് ധരിപ്പിച്ചു. അന്വേഷിച്ച വേണ്ട നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്