കേരളം

പൊലീസ് പിടിച്ചെടുത്ത 'നിരോധിത' പുസ്തകങ്ങളുടെ കൂട്ടത്തില്‍ സിപിഎം ഭരണഘടനയും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖ സൂക്ഷിച്ചു എന്നാരോപിച്ച് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് പിടിച്ചടുത്ത പുസ്തകങ്ങളില്‍ സിപിഎം ഭരണഘടനയും. പാലാട്ട്‌നഗറിലെ അലന്റെ വീട്ടില്‍ നിന്നാണ് പാര്‍ട്ടി ഭരണഘടന പിടിച്ചെടുത്ത് നിരോധിത പുസ്തകമായി പൊലീസ് അവതരിപ്പിച്ചത്.

റെയ്ഡിന് ശേഷം പിടിച്ചെടുത്ത വസ്തുക്കള്‍ പൊലീസ് നിരത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രാദേശിക നേതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. നിരോധിത പുസ്തകങ്ങളെന്ന് രേഖപ്പെടുത്താന്‍ വച്ചതിന്റെ കൂട്ടത്തില്‍ നിന്ന് പൊലീസിനെക്കൊണ്ട് ഇത് തിരികെ വയ്പ്പിക്കുകയായിരുന്നു.  

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലന്‍ ഷുഹൈബ് സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇവര്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നും, ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ്. യുഎപിഎ 20, 38, 39 വകുപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. നിരോധിക സംഘടനകളില്‍ അംഗമായി, ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ പതിനാല് ദിവസത്തേക്ക് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്