കേരളം

അനുജന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിന് കംപ്യൂട്ടര്‍ ലാബ് 'വിവാഹസമ്മാനം' ; വേറിട്ട മാതൃകയുമായി സഹോദരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : കുഞ്ഞനുജന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിന് കംപ്യൂട്ടര്‍ ലാബ് വിവാഹ സമ്മാനമായി നല്‍കി സഹോദരങ്ങള്‍. മലപ്പുറം കാളികാവ്, പൂങ്ങോടിലെ നീലേങ്ങാടന്‍ റഷീദിന്റെ മക്കളായ റിസ്‌വാനും ഷൈമയുമാണ്, വേറിട്ട വിവാഹസമ്മാനവുമായി സമൂഹത്തിന് മാതൃകയായത്.

സഹോദരങ്ങളായ റിസ്‌വാന്റെയും ഷൈമയുടെയും ഇളയ സഹോദരനായ ആറുവയസ്സുകാരന്‍ റാഹിദ് പഠിക്കുന്ന പൂങ്ങോട് സര്‍ക്കാര്‍ സ്‌കൂളിനാണ് ഇരുവരും കല്യാണസമ്മാനം നല്‍കിയത്. സാമ്പത്തികപ്രയാസംകൊണ്ട് സ്‌കൂളില്‍ നടപ്പാകാതിരുന്ന കംപ്യൂട്ടര്‍ ലാബാണ് സഹോദരങ്ങളായ റിസ്‌വാനും ഷൈമയും ചേര്‍ന്ന് യാഥാര്‍ഥ്യമാക്കിയത്.

കംപ്യൂട്ടര്‍ സജ്ജീകരിക്കുന്നതിനുള്ള ഫണ്ട് കല്യാണപ്പന്തലില്‍ വെച്ച് എ പി അനില്‍കുമാറിന് റിസ്‌വാനും ഷൈമയും പിതാവ് റഷീദും ചേര്‍ന്ന് കൈമാറി. സ്‌കൂള്‍ പ്രഥമാധ്യാപിക ലിസി കുര്യന്‍, എസ്.എം.സി. ചെയര്‍മാന്‍ സവാദ്, പാലോളി റിയാസ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

പൂങ്ങോടിലെ ഒരുമ കൂട്ടായ്മയുടെ കീഴില്‍ വാങ്ങിക്കുന്ന ആംബുലന്‍സിനുള്ള സാമ്പത്തികസഹായവും നീലേങ്ങാടന്‍ റഷീദ് ചടങ്ങില്‍ കൈമാറി. പൂങ്ങോടിലെ നീലേങ്ങാടന്‍ റഷീദിന്റെയും റസീനയുടെയും മക്കളാണ് റിസ്‌വാനും ഷൈമയും റാഹിദും. പുളിക്കലോടിയിലെ ഹനീനയാണ് റിസ്‌വാന്റെ വധു. മമ്പാടിലെ പത്തായക്കോടന്‍ അഫ്‌സലാണ് ഷൈമയുടെ വരന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍