കേരളം

ദർശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറി ;  ദേവസ്വം ഉദ്യോഗസ്ഥന് ഭക്തരുടെ 'അടി വഴിപാട്', അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ക്ഷേത്രദർശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയ ദേവസ്വം ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഭക്തർ കൈയേറ്റം ചെയ്തു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ 3:30നാണ് സംഭവം നടന്നത്. കൊച്ചി ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് മർദനമേറ്റത്.

സംഭവത്തിൽ എറണാകുളം സ്വദേശിനിയായ യുവതി ദേവസ്വം ബോർഡിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. പട്ടികജാതിക്കാരിയായ യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ ദേവസ്വം വിജിലൻസ് ക്ഷേത്രപരിസരത്ത് അന്വേഷണം നടത്തി. സംഭവത്തിൽ പരാതിക്കാരിയിൽ നിന്നും ദേവസ്വം ജീവനക്കാരിൽ നിന്നും  ദേവസ്വം വിജിലൻസ് മൊഴി രേഖപ്പെടുത്തിയായിട്ടുണ്ട്.

ചോറ്റാനിക്കര ക്ഷേത്രത്തിലെ നടപന്തലിന് അരികിലുള്ള സത്രത്തിൽ വച്ചാണ് ഉദ്യോ​ഗസ്ഥൻ മോശമായി പെരുമാറിയതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവതി ബഹളം വച്ചതോടെ ക്ഷേത്ര പരിസരത്തുണ്ടായിരുന്ന അയ്യപ്പ ഭക്തർ ഉൾപ്പെടെ ഓടിക്കൂടുകയും ഇവരെ കൈകാര്യം ചെയ്യുകയുമായിരുന്നു. ഭക്തരുടെ മർദ്ദനത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ മുഖത്തും ഡ്രൈവറുടെ ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്. 

ദേവസ്വം ബോർഡിന്റെ തൃശൂർ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ആരോപണ വിധേയൻ. കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രധാന നേതാവാണ് ഇയാളെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ളോയീസ് ഓർഗനൈസേഷൻ ബോർഡിന് പരാതി നൽകി. അതേസമയം പരാതി ഒത്തുതീർക്കാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്