കേരളം

മലയാളികള്‍ ഉള്‍പ്പടെയുള്ള ഐഎസ് ഭീകരന്‍ കീഴടങ്ങി; സംഘത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 900 പേര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി; ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു രാജ്യം വിട്ട മലയാളികള്‍ ഉള്‍പ്പടെയുള്ള സംഘം അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 900 അംഗ സംഘമാണ് കിഴക്കന്‍ നംഗര്‍ഹാന്‍ പ്രവിശ്യയില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്. ഇവരില്‍ 10 ഇന്ത്യക്കാരുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഏറെപ്പേരും മലയാളികളാണ്. 

ഈ മാസം 12 ന് ഐഎസ് ഭീകരര്‍ക്കെതിരെ അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ അഫ്ഗാന്‍ ആക്രമണം കടുപ്പിച്ചതിനെ തുടര്‍ന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയത്. കേരളത്തില്‍ നിന്നു പോയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 10ലേറെ പേര്‍ ഈ കൂട്ടത്തിലുണ്ടെന്നാണ് വിവരം. തൃക്കരിപ്പൂര്‍, പടന്ന തുടങ്ങിയ മേഖലകളില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരാണു കൂട്ടത്തിലുള്ളത്. ഇവര്‍ വീട്ടുതടങ്കലിലാണെന്നും പറയുന്നു. 

എത്ര പേരാണ് മലയാളികള്‍ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരമില്ല. ഈ പത്ത് പേരെയും അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് മാറ്റിയതായാണ് വിവരം. അഫ്ഗാന്‍ ദേശീയ സുരക്ഷാ ഏജന്‍സിയും, ഇന്റലിജന്‍സ് ഏജന്‍സികളും ഇവരില്‍ നിന്ന് വിവരങ്ങളെടുത്തുകൊണ്ടിരിക്കുകയാണ്. ''ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ പ്രക്രിയ അവസാനിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ തരാനാകൂ'', എന്ന് ഒരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

2016 ജൂണിലാണ് 21 പേര്‍ മതപഠനത്തിനും ശ്രീലങ്കയില്‍ വ്യാപാരത്തിനുമെന്നു പറഞ്ഞു വീടുവിട്ടിറങ്ങിയത്. ഇവര്‍ പിന്നീടു തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി കേന്ദ്ര–സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ചിലര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ പലപ്പോഴായി കൊല്ലപ്പെട്ടതായി പിന്നീടു ടെലിഗ്രാം സന്ദേശങ്ങള്‍ വഴി നാട്ടില്‍ വിവരം ലഭിച്ചു. കഴിഞ്ഞ 3 മാസത്തിലേറെയായി ആരുടെയും വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. 

തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദിന്റെ ഭാര്യ ആയിഷ (സോണി സെബാസ്റ്റ്യന്‍), മകള്‍ 2 വയസ്സുകാരി സാറ, പടന്നയിലെ ഡോ.പി.കെ.ഇജാസ്, ഭാര്യ ഡോ.ജസീല, മകന്‍ അനാന്‍ (2), സഹോദരന്‍ പി.കെ.ഷിഹാസ്, ഭാര്യ അജ്മല, തൃക്കരിപ്പൂര്‍ ഇളമ്പച്ചി മൈതാനിയിലെ മുഹമ്മദ് മന്‍ഷാദ്, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്തെ കെ.വി.പി.മര്‍വന്‍, പടന്ന ആശുപത്രിക്കു സമീപത്തെ ഹഫീസുദ്ദീന്‍, പെട്രോള്‍ ബങ്കിനു സമീപം അഷ്‌വാക്, ഭാര്യ ഷംസിയ, മകള്‍ ഒന്നര വയസ്സുകാരി ആയിഷ, മൈതാനിയിലെ ഫിറോസ്, പടന്ന വടക്കെപ്പുറത്തെ മുര്‍ഷിദ് മുഹമ്മദ്, കാവുന്തലയിലെ സാജിദ് തുടങ്ങിയവരാണ് ഈ മേഖലയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ എത്തിയെന്നു കരുതപ്പെടുന്നവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത