കേരളം

'അവരുടെ കൂടെ എന്റെ മകളുമുണ്ട്...'; അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് തീവ്രവാദികളുടെ കൂട്ടത്തില്‍ തന്റെ മകളുമുണ്ടെന്ന് അമ്മ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് വിവരം ലഭിച്ചതായി ബിന്ദു പറഞ്ഞു.

വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രം വഴിയാണ് ഇവരെ തിരിച്ചറിഞ്ഞത്. 2016 ജൂലൈയിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്നു ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു.

'എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖംമറച്ച സ്ത്രീകളില്‍നിന്നു മകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു. മൂന്നുദിവസംമുമ്പ് ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്കു കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്നാണ് മരുമകനെയും ചെറുമകളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നു' ബിന്ദു പറഞ്ഞു.

കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹംകഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇസ്‌ലാംമതം സ്വീകരിച്ചു.

ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്. നാഗര്‍ഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കള്‍ക്ക് മുമ്പ് ലഭിച്ച വിവരം. ഇവരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിന്ദു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന 900 ഭീകരരാണ് അഫ്ഗാന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത് എന്നാണ് വിവരം. അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ അഫ്ഗാന്‍ ആക്രമണം കടുപ്പിച്ചതിനെ തുടര്‍ന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയത്. സംഘത്തില്‍ എത്ര മലയാളികളുണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇവരെ കാബൂളിലേക്ക് മാറ്റിയെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്