കേരളം

ലാത്തിയേറിലല്ല, ബൈക്ക് യാത്രികൻ വീണത് ചൂരൽ വീശിയപ്പോൾ; പൊലീസ് ഉദ്യോ​ഗസ്ഥന്റേത് കുറ്റകരമായ അനാസ്ഥ; റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കടയ്ക്കലില്‍ ബൈക്ക് യാത്രക്കാരന് വീണ് പരുക്കേറ്റത് ലാത്തിയേറിലല്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചൂരല്‍ വീശി വാഹനം തടയാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നും പൊലീസ് ഉദ്യോ​ഗസ്ഥന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.

വാഹന പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്ഐ ഇത് തടയാതിരുന്നതും വീഴ്ചയാണ്. ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറായില്ലെന്ന് പരുക്കേറ്റ സിദ്ദിഖ് സുലൈമാന്‍ പറഞ്ഞു. കൈ കാണിക്കും മുന്‍പാണ് ലാത്തി വീശിയതെന്നും സിദ്ദിഖ് വ്യക്തമാക്കി. പൊലീസുകാരനെതിരെ കേസെടുത്തെങ്കിലും ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ മാത്രമാണ്. ഹെല്‍മറ്റ് പരിശോധനക്കായി കൈ കാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോയതാണ് പ്രശ്നത്തിന് കാരണമെന്ന പൊലീസിന്റെ വിശദീകരണം പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്ന സിദ്ദിഖ് സുലൈമാന്‍ തള്ളി.

പൊലീസ് വാഹനത്തിന്റെ അടുത്തെത്തിയപ്പോള്‍ തന്നെ ലാത്തി വലിച്ചെറിഞ്ഞു. കൈകൊണ്ടു പോലും നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ല. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന സിദ്ദിഖിനെ നാട്ടുകാര്‍ ബഹളം വച്ച ശേഷമാണ് ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറായത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച ഉടന്‍ പൊലീസുകാർ മുങ്ങി. അടുത്ത ആഴ്ച ജോലിക്ക് കയറാനിരിക്കെയുള്ള അപകടം സിദ്ദിഖിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്തിരിക്കുകയാണ്. കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും മുഖത്തേറ്റ പരുക്കുകള്‍ കാഴ്ചയെ ബാധിക്കുമോയെന്ന് അറിയാന്‍ വിശദ പരിശോധന ആവശ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ