കേരളം

'സത്യം ഒരു നാള്‍ പുറത്തുവരും; ചാവക്കാട് കേസ് പൊളിഞ്ഞുപാളീസായി; ഫസല്‍ വധക്കേസിലും ഇത് തന്നെ സംഭവിക്കു'മെന്ന് പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന സുനില്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രതികളെ വെറുതെ വിട്ടതുപോലെ തലശ്ശേരിയിലെ ഫസല്‍ വധക്കേസിലും പാര്‍ട്ടി പ്രവര്‍ത്തകരെ വെറുതെ വിടുമെന്ന് പി ജയരാജന്‍. കേരള പോലീസ് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊലപാതകത്തിന് ഉത്തരവാദികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആദ്യ ഘട്ടത്തില്‍ കണ്ടെത്തി.സിബിഐ അന്വേഷണം ഏറ്റെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്താന്‍ വഴിയുണ്ടോ എന്നാണ് അന്വേഷണ സംഘം ആലോചിച്ചതെന്നും പി ജയരാജന്‍ പറയുന്നു. 

ചാവക്കാട് കേസ് പോലെ തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധ കേസിലും സിപിഐഎമ്മിനു ബന്ധമില്ലെന്ന് കേരള പോലീസ് നടത്തിയ മറ്റൊരു അന്വേഷണത്തിനിടയില്‍ ബോധ്യപ്പെടുകയുണ്ടായി. ആര്‍എസ്എസുകാരാണ് യഥാര്‍ത്ഥ പ്രതികളെന്നും കണ്ടെത്തി.എന്ന് മാത്രമല്ല സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ഒരു ആര്‍എസ്എസുകാരന്‍ പൊലീസിന് നല്‍കിയ മൊഴി വീഡിയോയില്‍ ചിത്രീകരിച്ച് അന്വേഷണ ഏജന്‍സിയായ സിബിഐക്ക് ഔദ്യോഗികമായിത്തന്നെ കൈമാറുകയും ചെയ്തു.പക്ഷേ സിബിഐ എന്ന ഏജന്‍സിക്ക് യാതൊരു കുലുക്കവുമില്ല .ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ജയരാജന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന സുനില്‍ എന്നയാളെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന സഹോദരന്‍ സുബ്രഹ്മണ്യന്റെ കൈവെട്ടി എടുക്കുകയും ചെയ്ത ഭീകരമായ അക്രമത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയ കേരള പോലീസിന് എല്ലാവിധ അഭിവാദ്യങ്ങളും.

25 വര്‍ഷം മുന്‍പ് നടന്നിട്ടുള്ള ഈ അക്രമ സംഭവത്തിന്റെ പേരില്‍ അന്ന് നാല് സിപിഐ എം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.ശിക്ഷക്കെതിരെ പാര്‍ട്ടി സഖാക്കള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടയിലാണ് മുസ്ലിം തീവ്രവാദി ഗ്രൂപ്പ് നടത്തിയ അക്രമമാണ് ഇതെന്ന് കേരള പോലീസിന് റിപ്പോര്‍ട്ട് ലഭിക്കുന്നത്.

പ്രസ്തുത റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മുന്‍പാകെ സമര്‍പ്പിച്ചു.അതിനൊടുവിലാണ് ഒരു യഥാര്‍ത്ഥ പ്രതിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.ആര്‍എസ്എസുകാര്‍ സിപിഐ എമ്മിനെതിരെ വലിയ പ്രചാരണ കോലാഹലം ആയിരുന്നു ഈ കേസ് സംബന്ധിച്ച് നടത്തിയിരുന്നത് .അതാണ് ഇപ്പോള്‍ പൊളിഞ്ഞു പാളീസായത്.

ഇതിന് സമാനമായ ഒരു കൊലപാതക കേസാണ് തലശ്ശേരിയിലെ ഫസല്‍ വധക്കേസും.കേരള പോലീസ് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊലപാതകത്തിന് ഉത്തരവാദികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ആദ്യ ഘട്ടത്തില്‍ കണ്ടെത്തി.സിബിഐ അന്വേഷണം ഏറ്റെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്താന്‍ വഴിയുണ്ടോ എന്നാണ് അന്വേഷണ സംഘം ആലോചിച്ചത്.പിന്നീട്കാരായി രാജനെയും ചന്ദ്രശേഖരനെയും കേസില്‍ പ്രതികളാക്കി.ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷമാണ് അവര്‍ക്ക് ജാമ്യം പോലും ലഭിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധികളോടെയാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്.തുടര്‍ന്ന് ആറര വര്‍ഷമായി അവര്‍ എറണാകുളത്ത് കഴിയുകയാണ്.ചുരുക്കത്തില്‍ 8 വര്‍ഷമായി കാരായി സഖാക്കള്‍ നീതിനിഷേധത്തിന്റെ തടവറയിലാണ്.

ചാവക്കാട് കേസ് പോലെ തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധ കേസിലും സിപിഐഎമ്മിനു ബന്ധമില്ലെന്ന് കേരള പോലീസ് നടത്തിയ മറ്റൊരു അന്വേഷണത്തിനിടയില്‍ ബോധ്യപ്പെടുകയുണ്ടായി. ആര്‍എസ്എസുകാരാണ് യഥാര്‍ത്ഥ പ്രതികളെന്നും കണ്ടെത്തി.എന്ന് മാത്രമല്ല സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ഒരു ആര്‍എസ്എസുകാരന്‍ പൊലീസിന് നല്‍കിയ മൊഴി വീഡിയോയില്‍ ചിത്രീകരിച്ച് അന്വേഷണ ഏജന്‍സിയായ സിബിഐക്ക് ഔദ്യോഗികമായിത്തന്നെ കൈമാറുകയും ചെയ്തു.പക്ഷേ സിബിഐ എന്ന ഏജന്‍സിക്ക് യാതൊരു കുലുക്കവുമില്ല .ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ് .
ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ഫസലിന്റെ സഹോദരന്‍ തന്നെ ഈ കേസില്‍ പുതിയ സാഹചര്യത്തില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.ഇതും കോടതിയുടെ പരിഗണനയിലാണ്.

കൗതുകകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ ഫസല്‍ സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ഒരു ഭാഗത്ത് എന്‍ഡിഎഫും മറുഭാഗത്ത് ആര്‍എസ്എസും പരസ്പര സഹായ സംഘങ്ങളെ പോലെ പ്രചാരണം നടത്തി വരികയാണ്.എത്ര തന്നെ കള്ള പ്രചാരണം നടത്തിയാലും ചാവക്കാട് കേസ് പോലെ സത്യം ഒരു നാള്‍ പുറത്തുവരും.

കണ്ണൂര്‍ ജില്ലയില്‍ തന്നെ ചാവക്കാട് കേസിന് സമാനമായ മറ്റൊരു സംഭവം കൂടി ഉണ്ടായിരുന്നു ബിജെപിയുടെ കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ആയിരുന്ന സുശീല്‍ കുമാര്‍ ഒരു ദിവസം രാത്രി അക്രമിക്കപ്പെട്ടു. തളാപ്പ് ഓലച്ചേരി കാവിന് സമീപത്ത് വെച്ചാണ് സുശീല്‍കുമാറിനെ ഒരു സംഘം ഭീകരമായി വെട്ടി പരിക്കേല്‍പ്പിച്ചത്. ആശുപത്രികളില്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ബ്ലേഡ് വെച്ചായിരുന്നു ഇദ്ദേഹത്തെ ആക്രമിച്ചത്.
ആദ്യ ഘട്ടം മുതല്‍ ബിജെപി നേതൃത്വം സിപിഐ എമ്മാണ് ഈ അക്രമത്തിനു പിന്നിലെന്ന് ആരോപണവുമായി രംഗത്ത് വരികയുണ്ടായി.
തുടര്‍ന്ന് പൊലീസും സിപിഐഎമ്മിനെതിരെയാണ് സംശയമുന നീട്ടിയത്. ബിജെപിയുടെ നേതൃത്വത്തില്‍ സിപിഎമ്മുകാരാണ് പ്രതികള്‍ എന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു നിരവധി തവണ ഡിവൈഎസ്പി,എസ്പി ഓഫീസ് മാര്‍ച്ചുകള്‍ സംഘടിപ്പിക്കുകയുണ്ടായി.
ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന്‍ കണ്ണൂരില്‍ വന്ന് പ്രസംഗിച്ചത് ഇപ്പോഴും കണ്ണൂരുകാര്‍ മറന്നിട്ടുണ്ടാവില്ല. എന്നാല്‍ പോലീസിലെ സമര്‍ഥരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയതിനെ ഫലമായി ഈ സംഭവത്തിന് പിറകില്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് കണ്ടെത്തുകയുണ്ടായി.അവരെ അറസ്‌റ് ചെയ്തതോടെ ബിജെപി നേതൃത്വം പരിഹാസ്യരായി.ഇവര്‍ തമ്മിലുള്ള രഹസ്യ ബന്ധത്തിന് തെളിവായി ഈ സംഭവം മാറി.

ഏതൊരു സംഭവത്തിന്റെയും സത്യാവസ്ഥ എത്ര വര്ഷം കഴിഞ്ഞാലും പുറത്ത് വരുമെന്നതാണ് ചാവക്കാട് കേസ് തെളിയിക്കുന്നത്.ഫസല്‍ കേസിലും സത്യം തെളിയുന്ന നാള്‍ വിദൂരമല്ല..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല