കേരളം

പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ട സുപ്രധാന നോട്ട്ഫയലുകള്‍ കാണാതായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായി. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്നതിനുളള  നോട്ട് ഫയലാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കാണാതായത്. പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്  ഉത്തരവിട്ട നോട്ട്ഫയലാണ് അപ്രത്യക്ഷമായത്. 

എട്ടേകാല്‍ കോടി രൂപയാണ് കരാറേറ്റെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുന്‍കൂറായി നല്‍കിയത്. വിവിധ വകുപ്പുകള്‍ മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട്ഫയല്‍  പരിഗണിച്ചാണ് പാലം കരാര്‍ കമ്പനിക്ക് പണം അനുവദിക്കാന്‍ മുന്‍മന്ത്രി ഇബ്രാംഹിംകുഞ്ഞ് ഉത്തരവിട്ടത്. വിജിലന്‍സ് പരിശോധനയിലാണ്, പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ ഈ രേഖകളില്ലെന്ന് കണ്ടെത്തിയത്. നോട്ട് ഫയല്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സംഘം പൊതുമരാമത്ത്  വകുപ്പ് സെക്രട്ടറിക്ക്  കത്തുനല്‍കിയിട്ടുണ്ട്. 

രേഖകള്‍ നഷ്ടപ്പെട്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു. കാണാതായ നോട്ട് ഫയല്‍ കേസില്‍ നിര്‍ണായകമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. കേസിലെ ഗൂഢാലോചന തെളിയിക്കാന്‍  സുപ്രധാനമായ രേഖയാണിത്. 

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനില്‍ നിന്നാണ് അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്കാളിത്തം വെളിവാക്കുന്ന ചില രേഖകള്‍ കിട്ടിയത്. നിര്‍മാണ കരാര്‍ ലഭിച്ചശേഷം ആര്‍ഡിഎസ് കമ്പനി മുന്‍കൂര്‍ പണം ആവശ്യപ്പെട്ട് ആര്‍ബിഡിസികെയ്ക്കാണ് ആദ്യം അപേക്ഷ നല്‍കിയത്. ഇത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിന് കൈമാറുകയായിരുന്നു. 

സൂരജാണ് അപേക്ഷ പരിഗണിച്ച് ഫയല്‍ റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയത്. പണം നല്‍കുന്നതിന് അനുമതി തേടി റോഡ് ഫണ്ട് ബോര്‍ഡ് ഫയല്‍ പിന്നീട് മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. മന്ത്രി ഫയലില്‍ കുറിപ്പ് രേഖപ്പെടുത്തി അയച്ചശേഷമാണ് കമ്പനിക്ക് പാലം പണിക്ക് മുമ്പ് തന്നെ ഭീമമായ തുക കിട്ടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍