കേരളം

സംഘടനയെ പൊതുസമൂഹത്തില്‍ അപമാനിച്ചു; പരസ്യമായി മാപ്പ് പറയണം; ടിക്കാറാം മീണക്ക് എന്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ചങ്ങനാശ്ശേരി: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് എന്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചു. സമദൂരം വിട്ട് എന്‍എസ്എസ് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്‌നമായതെന്ന ടിക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സംഘടന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകര്‍ ആര്‍ടി പ്രദീപാണ് നോട്ടീസ് അയച്ചത്.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന സംഘടനയ്ക്ക് പൊതുജന മധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും അതിനാല്‍ മീണ പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നൂറിലേറെ വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള എന്‍എസ്എസ് കേരളത്തിലെ നായര്‍ സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച സംഘടനയാണ്. അങ്ങനെയൊരു സംഘടനയെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നുണ്ടായതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ആണ് എന്‍എസ്എസിനെക്കുറിച്ച് മീണ സംസാരിച്ചത്. എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ പരസ്യമായി ജാതി പറഞ്ഞു വോട്ടു പിടിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് പരാതി ലഭിച്ചാല്‍ അതു പരിശോധിക്കുമെന്നും മുന്‍കാലങ്ങളില്‍ സമദൂരം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍എസ്എസ് ഇക്കുറി ശരിദൂരം പ്രഖ്യാപിച്ചതാണ് പ്രശ്‌നമായതെന്നും മീണ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്