കേരളം

എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. മോദി സ്തുതിയുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട അബ്ദുള്ളക്കുട്ടി അടുത്തകാലത്താണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തുവന്ന അബ്ദുള്ളക്കുട്ടി സിപിഎം സ്ഥാനാര്‍ത്ഥിയായി കണ്ണൂരില്‍ നിന്നും എംപിയായിട്ടുണ്ട്.

സിപിഐയില്‍ നിന്നും ബിജെപിയിലെത്തിയ കെ എ ബാഹുലേയനെ പാര്‍ട്ടി സെക്രട്ടറിയായി നിയമിച്ചെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എഐഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ കിസാന്‍ സഭ എക്‌സിക്യൂട്ടീവ് അംഗം, നെടുമങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍, എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ബാഹുലേയനെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ഇവരടക്കം  257 പേര്‍ ഇടതുപാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്, മുസ്ലിംലീഗ് അടക്കം മറ്റുപാര്‍ട്ടികളില്‍ നിന്നായി 820 ഓളം പേരും ബിജെപിയിലെത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ല. തിരിച്ചടി ഉണ്ടായെന്ന് താന്‍ പറഞ്ഞുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. അടിസ്ഥാന വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കും. ഇതിന് പുറമെയുള്ള പൊതുസമൂഹത്തിന്റെ വോട്ടുകളാണ് നിര്‍ണായകം. ബിജെപി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നാണ് മണ്ഡലങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട്. ബിജെപിക്ക് അസ്പൃശ്യത പ്രഖ്യാപിച്ച ഇടതു വലത് മുന്നണിക്കെതിരെ ക്രൈസ്തവ സഭയും രംഗത്തുവന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം.

ഉപതെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ സര്‍വെകളെ ബിജെപി മുഖവിലക്കെടുക്കുന്നില്ല. ബിജെപിയെ നിര്‍വീര്യമാക്കാനുള്ള ശ്രമമായി മാത്രമാണ് ഇതിനെ കാണുന്നത്. യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചെന്നും എസ്ഡിപിഐ ഇടതുപാര്‍ട്ടിയെ പിന്തുണച്ചെന്നും മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ പറഞ്ഞിട്ടുണ്ട്. സാമുദായിക പ്രസ്ഥാനങ്ങളെ പ്രീണിപ്പിച്ചുകൊണ്ട് തത്വദീക്ഷയില്ലാത്ത നിലപാടാണ് രണ്ട് മുന്നണികളും നടത്തിയത്. സാമുദായിക ശിഥിലീകരണ ശക്തികളുടെ സഹായം തേടിക്കൊണ്ടാണ് ഇടതു വലത് മുന്നണികള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നത് ആശങ്കയുളവാക്കുന്നതാണ്. ബിജെപിയെ നിര്‍വീര്യമാക്കാനുള്ള ശ്രമം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായി എന്നത് അത്യന്തം ഗൗരവമായി കാണുന്നുവെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്