കേരളം

ഇനി റേഷനരി കടത്തിയാൽ കുടുങ്ങും; കണ്ണ് തുറന്നിരിക്കുന്നത് 16 ക്യാമറകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാധാരണക്കാർക്കു റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യ ധാന്യങ്ങൾ ഗോഡൗണുകളിൽ നിന്നു മറിച്ചു കടത്തുന്നവർ ശ്രദ്ധിക്കുക. ഉദ്യോഗസ്ഥർ കണ്ണടച്ചാലും ക്രമക്കേടുകൾ ഇനി ക്യാമറ കാണും. സംസ്ഥാനത്തു റേഷൻ വാതിൽപടി വിതരണത്തിനായി എഫ്സിഐയിൽ നിന്നു ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചു വിതരണം ചെയ്യുന്ന സപ്ലൈകോ ഗോഡൗണുകളിൽ നിരീക്ഷണ ക്യാമറകളും കൺട്രോൾ റൂമും സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. 

സർക്കാർ ഉടമസ്ഥതയിലുള്ള 104 ഗോഡൗണുകളിൽ ഡിസംബറിൽ ക്യാമറ സ്ഥാപിച്ചു തുടങ്ങും. സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 112 ഗോഡൗണുകളിൽ പിന്നീടു നടപ്പാക്കുമെന്നു സപ്ലൈകോ എംഡി കെഎൻ സതീശ് അറിയിച്ചു. ഓരോ ഗോഡൗണിലും 12- 16  ക്യാമറകളുണ്ടാകും. എഫ്സിഐയിൽ നിന്നു കൊണ്ടുവരുന്ന ധാന്യം ഇറക്കുന്നതും റേഷൻ കടകളിലേക്കു കയറ്റി വിടുന്നതും നിരീക്ഷിക്കാൻ മൂന്ന് ക്യാമറകൾ പ്രത്യേകം സജ്ജീകരിക്കും. റേഷൻ വിതരണത്തിനുള്ള വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.

ഗോഡൗണുകളിൽ ഭക്ഷ്യ ധാന്യങ്ങളുടെ അളവ്, സ്കീം, തൂക്കം ഇവ സംബന്ധിച്ചു നിശ്ചിത മാതൃകയിലുള്ള സ്റ്റോക്ക് ബോർഡ് പ്രദർശിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇതു പാലിക്കാറില്ല. ക്രമക്കേടു കണ്ടെത്താതിരിക്കാൻ ഭക്ഷ്യ ധാന്യങ്ങൾ കൂട്ടിയിട്ട് ആശയക്കുഴപ്പമുണ്ടാക്കും. കീടങ്ങൾ, എലി, പക്ഷി, ഈർപ്പം മഴ ഇവ കാരണം നാശം സംഭവിക്കുന്നതു തടയാനും നടപടിയില്ല. വിജിലൻസ് കണ്ടെത്തിയ ഇത്തരം കാര്യങ്ങൾ തടയാനാണു ക്യാമറ നിരീക്ഷണം.

സപ്ലൈകോ ഗോഡൗണുകളിൽ നിന്നു റേഷനരി കരിഞ്ചന്തയിലേക്കു കടത്താൻ കൂട്ടുനിന്നതിന് മൂന്ന് വർഷത്തിനിടെ 33 ഉദ്യോഗസ്ഥരാണ് തെറിച്ചത്. ക്രമക്കേടു കണ്ടെത്താൻ ചുമതലപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാർ ഉൾപ്പെടെ നടപടി നേരിട്ടു. മൂന്ന് വർഷത്തിനിടെ 3.24 ലക്ഷം കിലോ റേഷനരി കരിഞ്ചന്തയിലേക്കു  കടത്തിയെന്നാണു സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിന്റെ കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ