കേരളം

'ഇനിയും ക്ഷമ പരീക്ഷിക്കരുത്; രാഹുല്‍ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങള്‍ രാജി വച്ചാല്‍ ഉണ്ടാകില്ല എന്ന് പറയണം' 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന വൈകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. ഡീന്‍ കുര്യാക്കോസും സിആര്‍ മഹേഷും സ്ഥാനം രാജി വച്ച് പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുനഃസംഘടനയെച്ചൊല്ലിയുള്ള ചര്‍ച്ച വീണ്ടും സജീവമാകുന്നത്. ഡീന്‍ കുര്യാക്കോസും സിആര്‍ മഹേഷും പ്രസിഡന്റും വൈസ് പ്രസിഡന്റുമായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി കാലാവധി പൂര്‍ത്തിയാക്കിയിട്ട് ഏഴ് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 

അതേസമയം സ്ഥാനത്ത് തുടരുന്നതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന നിലപാടിലാണ് ഇരു നേതാക്കളും. മാന്യമായി പുറത്തുപോകാന്‍ അവസരം തേടി കെപിസിസിക്ക് കത്തു നല്‍കുമെന്ന് മഹേഷ് പറഞ്ഞു. തങ്ങളുടെ ഇഷ്ടപ്രകാരമല്ല സ്ഥാനത്ത് തുടരുന്നതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എംപിയായി തെരഞ്ഞെടുത്തപ്പോള്‍ തന്നെ രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഡീന്‍ വ്യക്തമാക്കി. 

മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

പ്രിയപ്പെട്ട ഡീൻ കുര്യാക്കോസിനും, സി.ആർ മഹേഷിനും ഒരു തുറന്ന കത്ത്.

കണ്ണൂരിൽ എൻ.ജി.ഒ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് റൂമിൽ വന്ന് കയറിയതേ ഉള്ളൂ. അവിടെ ഉണ്ടായ ഒരു പരാമർശമാണ് ഇത് എഴുതാൻ പ്രേരകമായത്.

ബഹുമാന്യനായ കെ.സി ജോസഫ് എം.എൽ.എ പ്രസംഗമധ്യേ കെ.എസ്.യു പ്രസിഡന്റ് അഭിജിത്തിനെ ഇരുത്തിക്കൊണ്ട്, അഭിജിത്തിന് വിഷമം തോന്നിയിട്ട് കാര്യമില്ലാ എന്ന് പറഞ്ഞിട്ട് പറഞ്ഞു..

"ഇന്ന് കോൺഗ്രസിൽ കെ.എസ്.യു വിനേക്കാളും യൂത്ത് കോൺഗ്രസ്സിനേക്കാളും ശക്തിയുള്ള സംഘടന എൻ.ജി.ഓ അസ്സോസിയേഷനാണ് " തിർച്ചായായും എൻ.ജി.ഓ അസ്സോസിയേഷന്റെ വളർച്ചയിൽ സന്തോഷിക്കുന്ന ഒരു കോൺഗ്രസ്സ് പ്രവർത്തകനാണ് ഞാൻ.

അതിന് പിന്നാലെ മറ്റൊരു നേതാവ് (പേര് പരാമർശിക്കുന്നില്ല), യൂത്ത് കോൺഗ്രസ്സിലേക്കാളും യുവാക്കൾ നമ്മുക്കൊപ്പമാണ് എന്നത് കൊണ്ട് യൂത്ത് കോൺഗ്രസ്സ് ചെയ്യാത്ത പണി നമ്മൾ ചെയ്യണം എന്ന് പറയുകയുണ്ടായി. അദ്ദേഹം യൂത്ത് കോൺഗ്രസ്സിനെ ഇകൾത്താൻ പറഞ്ഞതല്ലാ, പക്ഷെ യൂത്ത് കോൺഗ്രസ്സ് എന്ന സംഘടനയുടെ ദയനീയാവസ്ഥയാണ് നേതാക്കൾ ഏകകണ്ഠമായി സൂചിപ്പിച്ചത്.

ഒരു മുൻകാല യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും നേതാവും എന്ന നിലയിൽ വല്ലാത്ത വിഷമം തോന്നി. ഇത്രയും അപമാനം ഈ സംഘടന അർഹിക്കുന്നില്ലാ. കേരള രാഷ്ട്രീയത്തിൽ രാജകീയമായ ചരിത്രവും, അഭിമാനകരമായ പാരമ്പര്യവും ഉള്ള സംഘടനയാണ് യൂത്ത് കോൺഗ്രസ്സ്. ഇനിയും നിങ്ങൾ ഇതിനെ ഇതിലേറേ തളർത്തരുത്.

7 വർഷമാകുന്നു പുന:സംഘടന നടത്തിയിട്ട്. താഴെ ഉള്ള ഒരു തലമുറയോട് കാണിക്കുന്ന വലിയ അനീതിയാണ്.. ഞങ്ങൾ രാജിവയ്ക്കാൻ തയ്യാറാണ് എന്ന പതിവ് പ്രതികരണം വേണ്ട. കോൺഗ്രസ് നേതാക്കൾ ചെയ്യാത്തതു കൊണ്ടാണ് എന്ന ന്യായികരണവും സ്വീകാര്യമല്ല. കാരണം, അവർക്ക് ഈ കാര്യത്തോടുള്ള സമീപനം നമ്മുക്ക് തന്നെ നന്നായി അറിവുള്ളതാണല്ലോ.

12 വർഷം കെ.എസ്.യു യൂത്ത് കോൺഗ്രസ്സ് പുന:സംഘടന നടത്താൻ തയ്യാറാവാതിരുന്നിട്ട്, ഒരു കുഴപ്പവും ഇല്ലാ എന്ന് പറഞ്ഞിരുന്നവരാണ് അവർ. അതിനിടയിൽ എത്ര തലമുറകളെയാണ് അവർ ഇല്ലാതാക്കിയത്. ഒരായുസ്സ് ഈ പ്രസ്ഥാനത്തിന് വേണ്ടി പണിയെടുത്തിട്ട് ഒന്നുമാകാൻ കഴിയാതെ കണ്ണീരും കൈയ്യുമായി ഒഴിഞ്ഞ് പോകേണ്ടി വന്നവർ. അവർ ഒരുപാട് പേർ ഈ പ്രസ്ഥാനത്തെ മനസ്സ് കൊണ്ട് എങ്കിലും ശപിച്ചിട്ടുണ്ടാകും. ഇനിയും അത് ഉണ്ടാകരുത്.

ഞാൻ മൂന്നാം വർഷം LLB ക്ക് പഠിക്കുമ്പോൾ കെ.എസ്.യു വിന്റെ വ്യദ്ധ നേതൃത്വം മാറണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കൂട്ടായ്മയുമായി രംഗത്ത് വന്ന് അന്നത്തെ നേതൃത്വത്തിനെതിരെ പറഞ്ഞ വ്യക്തിയാണ്. പിന്നിട് പുനഃസംഘടന നടന്നപ്പോൾ അന്ന് കെ.എസ്.യു സംസ്ഥാന ഭാരവാഹിയായിരുന്ന ഒരാൾക്ക് പോലും കെ.എസ്.യു പ്രസിഡന്റാകാൻ പറ്റിയില്ലാ എന്ന് മാത്രമല്ലാ, പ്രായാധിക്യം കാരണം യൂത്ത് കോൺഗ്രസ്സ് ഭാരവാഹി പോലും ആകാൻ കഴിയാതെ പോയി. അന്നത്തെ അവരുടെ വേദന നേരിട്ട് കണ്ടതാണ് ഞാൻ. ഇനിയും അങ്ങനെ ഒരു ദുര്യോഗം മറ്റൊരു തലമുറയ്ക്ക് ഉണ്ടാക്കരുത്.

നിങ്ങൾ രണ്ട് പേരും രാജിവച്ച് യൂത്ത് കോൺഗ്രസ്സ് പുന:സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങണം. നിങ്ങൾ രാജിവച്ചാൽ സംഘടനയ്ക്കും പാർട്ടിക്കും വലിയ കുഴപ്പവും ക്ഷീണവും ഉണ്ടാകും എന്ന് പറയുന്നവരോട്, രാഹുൽ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ല എന്ന് പറയണം.

അടുത്ത കാലത്ത്, പി.സി വിഷ്ണുനാഥിന് ശേഷം ഈ സംഘടനയുടെ തലപ്പത്തിരുന്നതിന്റെ പേരിൽ ഏറ്റവും വലിയ നേട്ടം ലഭിച്ച വ്യക്തിയാണ് ഡീൻ എന്നത് വിസ്മരിക്കരുത്.

കഴിവും ആവേശവും ഉള്ള ഒരു തലമുറ അവസരത്തിന് വേണ്ടി കാത്ത് കേണ് നിൽക്കുന്നത് നിങ്ങൾ കാണുന്നില്ലേ.. ?

ഇനിയും അവരുടെ ക്ഷമയേ പരിശോധിക്കരുത്. ഞാനടക്കം നമ്മുക്ക് ഒക്കെ മൂന്നും നാലും അവസരങ്ങൾ കെ.എസ്.യു വിലും യൂത്ത് കോൺഗ്രസ്സിലും ലഭിച്ചവരാണ്. ഇത് അവരുടെ അവകാശമാണ്. ഈ വിഷയത്തിൽ ഞാനവരോടൊപ്പമാണ്..

എന്നേക്കാളും ഇത് പറയാൻ യോഗ്യതയും, ധാർമ്മിക കടമയും ഒക്കെ ഉള്ളവർ പറയട്ടെ എന്ന് കരുതിയതാണ്. എന്നാൽ, ഇത് പറയാതെ പോയാൽ ചരിത്രം എന്നെയും ഈ പാതകത്തിൽ പങ്കാളിയാക്കും എന്ന് എന്റെ മന:സാക്ഷി പറയുന്നു. വ്യക്തിപരമായ സ്നേഹ ബഹുമാനങ്ങൾക്ക് ഒരു കുറവുമില്ലാ എന്ന് കൂടി ചേർക്കട്ടെ

ഏറേ സ്നേഹത്തോടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്