കേരളം

വാളയാര്‍ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് ആനിരാജ; അന്വേഷണത്തില്‍ വീഴ്ച, മുഖ്യമന്ത്രി ഇടപെടണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാന്‍ കാരണം അന്വേഷണത്തിലെ വീഴ്ചയെന്ന് സിപിഐ ദേശീയ മഹിളാ  ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ആനിരാജ. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച പൊലീസിന്റെ ആദ്യ സംഘവും രണ്ടാം സംഘവും പൂര്‍ണ പരാജയമായിരുന്നു. സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ നാലുപ്രതികളെയും വെറുതവിട്ടതോടെ അന്വേഷണ സംഘത്തിന് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് നാല് പ്രതികളെയും കോടതി വെറുതെ വിട്ടത്. കേരളത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് ഈ കേസെന്നും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. 2017  ജനുവരി 13നാണ്  13 വയസ്സുകാരിയേയും മാര്‍ച്ച് 4 ന് സഹോദരിയായ  ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

അസ്വാഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. അതേസമയം വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം